പ്രതീകാത്മക ചിത്രം | ANI
വാഷിംഗ്ടണ്‍: കള്ളനാണെന്ന് തെറ്റിദ്ധരിച്ച് പിതാവ് പതിനാറുകാരിയായ മകളെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. ഇതോടെ ഈ വര്‍ഷം അമേരിക്കയില്‍ തോക്കുകൊണ്ടുള്ള അക്രമത്തിന് ഇരയായവരുടെ നീണ്ട പട്ടികയിലേക്ക് ജാനെ ഹെയര്‍സ്റ്റണ്‍ എന്ന പതിനാറുകാരിയുടെ മരണവും എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.
പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് സംഭവം. വീടിന്റെ സുരക്ഷാ സംവിധാനം അപായ സൂചന നല്‍കിയതോടെ ആരോ വീട്ടില്‍ അതിക്രമിച്ചുകയറിയതായി തെറ്റിദ്ധരിക്കുകയും വീട്ടുടമ വെടിയുതിർക്കുകയുമായിരുന്നു. സ്വന്തം മകള്‍ക്കാണ് വെടിയേറ്റതെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്.
വീട്ടില്‍ അജ്ഞാന് അതിക്രമിച്ച് കയറിയതായി വീട്ടുടമ എമർജന്‍സി സർവീസിനെ വിളിച്ചറിയിച്ചു. ഇതിന് ശേഷം നാലര മണിയോടെ ജാനെയുടെ അമ്മ അടിയന്തര ടെലിഫോണ്‍ ലൈനില്‍ വിളിച്ച് തന്റെ മകള്‍ ഗാരേജില്‍ വെടിയേറ്റു കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു.
എട്ട് മിനിറ്റിലധികം നീണ്ടുനില്‍ക്കുന്ന ഫോണ്‍ കോളില്‍ പെണ്‍കുട്ടിയുടെ പിതാവ് ഭ്രാന്തമായി കരഞ്ഞുകൊണ്ട് മകളെ വിളിക്കുന്നത് കേള്‍ക്കാം. രണ്ട് മാതാപിതാക്കളും പെണ്‍കുട്ടി കണ്ണ് തുറക്കുന്നില്ലെന്നും പോലീസ് എപ്പോള്‍ വരുമെന്ന് ചോദിക്കുന്നതും കോള്‍ റെക്കോര്‍ഡില്‍ കേള്‍ക്കാം. ഫോണ്‍ വിളിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മാതാപിതാക്കള്‍ അലമുറയിടുന്നത് ഹൃദയഭേദകമായിരുന്നെന്ന് ഈ ഫോണ്‍ കോളിന്റെ റെക്കോര്‍ഡിംഗ് ലഭിച്ച പ്രാദേശിക പത്രമായ കൊളംബസ് ഡിസ്പാച്ച് പറയുന്നു.
ഏതാനും മിനിറ്റുകള്‍ക്ക് ശേഷം എമര്‍ജന്‍സി ടീം സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ പുലര്‍ച്ചെ ആറ് മണിയോടെ മരിക്കുകയായിരുന്നു.
കോവിഡിന് ശേഷം അമേരിക്കയില്‍ തോക്ക് അക്രമണങ്ങള്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് എന്ന സൈറ്റിന്റെ കണക്കനുസരിച്ച്, ആത്മഹത്യകള്‍ ഉള്‍പ്പെടെ ഈ വര്‍ഷം അമേരിക്കയില്‍ 44,000-ത്തിലധികം ആളുകള്‍ വെടിയേറ്റ് മരിച്ചിട്ടുണ്ട്. ഇതില്‍ 1,517 പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
Content Highlights: man kills daughter in america after mistaking her to be an intruder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..