ലണ്ടന്‍: മറവിരോഗം വന്ന തൊണ്ണൂറ്റിയഞ്ചുകാരിയായ അമ്മയെ മകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കാന്‍ ജഡത്തിനരികെ മൂന്ന് ദിവസം കാത്തുനിന്ന എഴുപത്തിനാലുകാരനായ മകന്‍ ഒടുവില്‍ പോലീസിനെ വിളിച്ച് കുറ്റമേറ്റ് കീഴടങ്ങുകയും ചെയ്തു. സ്‌കിസോഫ്രീനിയ ബാധിച്ച പ്രതിയെ കോടതി വിദഗ്ദ്ധ ചികിത്സയ്ക്കായി ആസ്പത്രിയിലേയ്ക്ക് അയച്ചിരിക്കുകയാണ്.

സ്റ്റാഫോര്‍ഡ്ഷയര്‍ സ്വദേശിയായ ഡേവിഡ് പവലാണ് അമ്മ സിസിലിയെ കൊലപ്പെടുത്തിയത്. രോഗിയായ പവല്‍ വര്‍ഷങ്ങളോളം അമ്മയെ ചികിത്സിച്ചു മടുത്താണ് ഈ ക്രൂരതയ്ക്ക് മുതിര്‍ന്നത്. ദുരിതം അനുഭവിച്ചു മടുത്ത അമ്മയുടെ ആവശ്യപ്രകാരമാണ് താന്‍ ഈ കൃത്യം ചെയ്തതെന്ന് പവല്‍ പിന്നീട് പോലീസിനോട് പറഞ്ഞു. ഏതു തരത്തില്‍ കൊല്ലണമെന്നും മരിച്ചുവെന്ന് ഉറപ്പുവരുത്തണമെന്നും അമ്മ നിര്‍ദേശിച്ചതായി പവല്‍ പറഞ്ഞു. പേടിയോടുകൂടിയാണ് ഞാന്‍ അമ്മയുടെ ജഡത്തിന് അരികില്‍ ഇരുന്നത്. അമ്മയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍, അത് നടന്നില്ല. അതിനുള്ള ധൈര്യം ഉണ്ടായില്ല-പവല്‍ പറഞ്ഞു.