Screengrab : Facebook Video
'വില്‍ യൂ മാരി മീ' എന്ന് ചോദിക്കുന്ന കാമുകഹൃദയം. ഒന്ന് സെറ്റാക്കി പിന്നെയൊരു പ്രൊപ്പോസല്‍. ആ പ്രൊപ്പോസല്‍ എങ്ങനെ വേണമെന്നാണ് പിന്നത്തെ ചിന്ത. സര്‍പ്രൈസിങ് ആവണം, വ്യത്യസ്തമാവണം, ഒന്ന് ഇംപ്രസ് ചെയ്യാനുള്ള പാടൊന്ന് വേറെതന്നെ. അങ്ങനെ വളരെ പ്ലാന്‍ ചെയ്ത് തന്റെ പെണ്‍സുഹൃത്തിനോട് പ്രൊപ്പോസ് ചെയ്യാന്‍ ഫ്ളോറിഡക്കാരന് സ്കോട്ട് ക്ലൈന്‍ കണ്ടെത്തിയത് ജലപ്പരപ്പില്‍ നീങ്ങുന്ന ബോട്ടാണ്. കാമുകി സൂസി ടക്കറും രണ്ട് സുഹൃത്തുക്കളും സ്കോട്ടിനൊപ്പമുണ്ടായിരുന്നു. പക്ഷെ വിവാഹാഭ്യര്‍ഥന ഏതാണ്ട് 'വെള്ളത്തിലായെന്ന്' മാത്രം! സുഹൃത്ത് ഫോണില്‍ പകര്‍ത്തിയ പ്രൊപ്പസല്‍ രംഗത്തിന്റെ വീഡിയോ സ്കോട്ട് ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചു.
ബോട്ട് യാത്രയുടെ ഓരോ നിമിഷവും സ്കോട്ടും സൂസിയും ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം. ഒരു 'ടൈറ്റാനിക് പോസ്' കഴിഞ്ഞ് തന്റെ വലതുകയ്യില്‍ സൂസിയുടെ കൈ ചേര്‍ത്ത് പിടിച്ച് ഇടതുകൈ കൊണ്ട് തന്റെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്ന് സൂസിക്ക് നല്‍കാനുള്ള മോതിരമടങ്ങിയ പെട്ടി എടുക്കാനുള്ള ശ്രമത്തിനിടെ അത് സ്കോട്ടിന്റെ കയ്യില്‍നിന്ന് വഴുതി വെള്ളത്തില്‍ വീണു. കണ്ണടച്ചുതുറക്കുന്നതിന് മുമ്പ് സ്കോട്ട് വെള്ളത്തിലേക്ക് കുതിച്ചു. മുങ്ങിത്താഴുന്ന മോതിരപ്പെട്ടി ഞൊടിയിടയില്‍ വീണ്ടെടുത്ത് സ്കോട്ട് പൊങ്ങി. ആദ്യമൊന്നമ്പരന്നെങ്കിലും സൂസിയ്ക്കും സുഹൃത്തുക്കള്‍ക്കും ചിരിയടക്കാനായില്ല. വെള്ളത്തില്‍ കിടന്നുതന്നെ സ്കോട്ട് മോതിരം സൂസിയ്ക്ക് നേരെ നീട്ടുന്നത് വീഡിയോയില്‍ കാണാം.
പിന്നീട് നീന്തി ബോട്ടിലേക്ക് കയറിയ ശേഷം സ്കോട്ട് സൂസിയ്ക്ക് മോതിരം നല്‍കുകയും സൂസി ഏറെ സന്തോഷത്തോടെ അത് സ്വീകരിക്കുകയും 'യെസ്' പറഞ്ഞു കൊണ്ട് സ്കോട്ടിനെ ചുംബിക്കുകയും ചെയ്തു. മോതിരമടങ്ങിയ പെട്ടി വെള്ളത്തിലേക്ക് വീണതും താന്‍ വെള്ളത്തിലേക്ക് ചാടിയതും ഒരേ നിമിഷത്തിലായിരുന്നെന്ന് സ്കോട്ട് പറയുന്നു. പെട്ടി മുങ്ങിത്താഴുന്നതിന് മുമ്പ് അതിനെ വീണ്ടെടുക്കുക എന്നതുമാത്രമായിരുന്നു മനസിലെന്നും അതുമായി പൊങ്ങിയപ്പോള്‍ മാത്രമാണ് താന്‍ വെള്ളത്തിലാണെന്ന ബോധമുണ്ടായതെന്നും സ്കോട്ട് പ്രതികരിച്ചു. എന്തായാലും അതിസാഹസികമായി സ്കോട്ട് തന്റെ പ്രണയിനിയ്ക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത പ്രണയനിമിഷങ്ങളാണ്.
Content Highlights: Man Jumps Into Water, After Ring Falls In, During Proposal, Viral Video, Love, Lovers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..