ബെര്‍ലിന്‍: ലോകംകണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയും നാസിസ്റ്റ് ഭരണാധികാരിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറെ ഓര്‍മകളില്‍നിന്നുപോലും മായ്ചുകളയാന്‍ ശ്രമിക്കുന്നവരാണ് ജര്‍മന്‍കാര്‍. ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ ഫാസിസത്തിന്റെയും വംശീയതയുടെയും നാളുകളെക്കുറിച്ചുള്ള ഓര്‍മകളാണ് ഹിറ്റ്‌ലര്‍ എന്ന പേര് അവരില്‍ ഉണര്‍ത്തുക. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം അഗസ്റ്റസ്ബര്‍ഗില്‍ നടന്ന സംഭവം ജര്‍മനിക്കിപ്പോള്‍ തലവേദനയായിരിക്കുകയാണ്.
അഡോള്‍ഫ് ഹിറ്റ്‌ലറുടെ രൂപസാദൃശ്യമുള്ള ഒരാള്‍ ഹിറ്റ്‌ലറെപ്പോലെ വേഷം ധരിച്ച് പഴയ മോഡല്‍ മോട്ടോര്‍സൈക്കിളില്‍ നടത്തിയ യാത്രയാണ് കൗതുകത്തേക്കാള്‍ കൂടുതല്‍ ജനരോഷം ഉയര്‍ത്തിവിട്ടിരിക്കുന്നത്. അഗസ്റ്റസ്ബര്‍ഗില്‍ നടന്ന ഒരു മോട്ടോര്‍സൈക്കിള്‍ ഫെസ്റ്റിവലിലാണ് ഹിറ്റ്‌ലറുടെ അപരന്‍ പ്രത്യക്ഷപ്പെട്ടത്. ഈ റോഡ് യാത്രയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
ഹിറ്റ്‌ലറുടെ കുപ്രസിദ്ധമായ മുറിമീശയും കോട്ടും ഹെയര്‍സ്‌റ്റൈലുമെല്ലാം അപരനുമുണ്ടായിരുന്നു. പ്രത്യേക ഇരിപ്പിടം ഘടിപ്പിച്ച പഴയമട്ടിലുള്ള മോട്ടോര്‍സൈക്കിളിലായിരുന്നു ഹിറ്റ്‌ലറുടെ ഇരിപ്പ്. ഹിറ്റ്‌ലറെപ്പോലെ ഇയാള്‍ കാണികളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസി സൈനികന്റെ യൂണിഫോമും ഹെല്‍മറ്റും ധരിച്ച ഒരാളായിരുന്നു മോട്ടോര്‍സൈക്കിള്‍ ഓടിച്ചിരുന്നത്.
"Der Mann, der in einem Beiwagen saß, war den Mitarbeitern nach aktuellem Recherchestand nicht aufgefallen."https://t.co/XqZayvOoHg#augustusburg #sogehtsächsisch #FCKNZS pic.twitter.com/LO3xHkspwt
— EffizJens (@Unsitte) January 13, 2020
കാഴ്ച കണ്ട് ജനങ്ങള്‍ അത്ഭുതപ്പെടുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഗതി കൈവിട്ടുപോയി. ദൃശ്യങ്ങള്‍ കണ്ട പലരും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. സംഭവം നടക്കുമ്പോള്‍ ഒരു പോലീസുകാരന്‍ ഇവര്‍ക്ക് വഴിയൊരുക്കുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. പോലീസുകാരന്റെ കൃത്യവിലോപവും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി.
സംഭവത്തെക്കുറിച്ച് സാക്‌സോണി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാള്‍ ഹിറ്റ്‌ലെറെപ്പോലെ വേഷംധരിച്ച് സഞ്ചരിക്കുന്നത് തീര്‍ച്ചയായും അന്വേഷണത്തിന് വിധേയമാക്കേണ്ട കാര്യമാണെന്ന് പോലീസ് വക്താവ് ഡിപിഎ ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചു.
#augustusburg #Sachsen da wo sich auch die @PolizeiSachsen daran erfreut, wenn "Adolf H." mit dem #Motorrad vorfährt. 🤷♂️https://t.co/ndOLlj8w0d#niewieder#fcknzs https://t.co/AMvXZt8JMb pic.twitter.com/EnGAGwHnhE
— Spekulatius Chemnitz (@SpekulatiusC) January 12, 2020
മനുഷ്യരെ കൂട്ടക്കൊലയ്ക്ക് ഇരയാക്കിയ ഒരാളുടെ വേഷംധരിക്കുന്നത് മോശം അഭിരുചിയാണ് കാണിക്കുന്നതെന്നും ഇത്തരം പെരുമാറ്റം അസ്വീകാര്യമാണെന്നും പോലീസ് ചീഫ് മൈക്കേല്‍ ക്രെറ്റ്ഷമര്‍ ട്വീറ്റ് ചെയ്തു. കൃത്യവിലോപം കാട്ടിയ പോലീസുകാരനെതിരെ നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
സംഭവം നടന്ന ടുവീലര്‍ ഫെസ്റ്റിവലില്‍ 1,800 പഴയ മോഡല്‍ മോട്ടോര്‍സൈക്കിളുകളാണ് പങ്കെടുത്തത്. 7,500 സന്ദര്‍ശകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പഴയ കമ്യൂണിസ്റ്റ് ജര്‍മനിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ടുവീലര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെട്ട അഗസ്റ്റസ്ബര്‍ഗ്. ഈ മേഖലയില്‍ കടുത്ത വലതുപക്ഷ, നവ-നാസി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവവും വാര്‍ത്തയായത്.
Content Highlights: Man Dressed As Hitler Rides Around Germany In Motorbike Sidecar in Germany