സിഡ്‌നി: സ്രാവിന്റെ കടിയേറ്റ് ഓസ്‌ട്രേലിയയില്‍ വിനോദസഞ്ചാരി മരിച്ചു. വടക്കു പടിഞ്ഞാറന്‍ സമുദ്രതീരത്തെ കേബിള്‍ ബീച്ചില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
കടലില്‍ കുളിക്കുന്നതിനിടെയാണ് സ്രാവിന്റെ കടിയേറ്റത്. ആക്രമണത്തിനിരയായയാളെ വെള്ളത്തിന് പുറത്തെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും അയാള്‍ പിന്നീട് മരിച്ചു.
ബ്രൂം പട്ടണത്തില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കേബിള്‍ ബീച്ചില്‍ സ്രാവിന്റെ ആക്രമണം താരതമ്യേന കുറവാണ്. എന്നാല്‍ അപകടകാരികളായ ആമകളുടെ സാന്നിധ്യമുണ്ടാകുന്നത് പതിവായതിനാല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ബീച്ച് അടച്ചിടാറുണ്ട്.
ഇക്കൊല്ലം ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്താലുണ്ടായ എട്ടാമത്തെ മരണമാണിത്. ഇത്തരം 22 സംഭവങ്ങളാണ് രാജ്യത്തെ വിവിധ ബീച്ചുകളിലുണ്ടായതെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഏജന്‍സിയായ തരോങ്ക കണ്‍സര്‍വേഷന്‍ സൊസൈറ്റി പറഞ്ഞു.
Content Highlights: Man Dies After Being Bitten By Shark In Australia