ലണ്ടന്‍: 2020-ലെ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. സ്‌കോട്ടിഷ് എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട് എഴുതിയ 'ഷഗ്ഗി ബെയിന്‍' എന്ന നോവലിനാണ് പുരസ്‌കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിപാടിയിലായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്. 

നൊബേല്‍ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ബുക്കര്‍ പ്രൈസ്. തുടര്‍ച്ചയായ 52-ാം തവണയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ട് ആണ് പുരസ്‌കാരത്തുക.

ആറ് രചനകളാണ് ഇത്തവണ പുരസ്കാരത്തിനുള്ള അവസാനഘട്ടത്തിലെത്തിയത്. മാതൃഭൂമി സാഹിത്യോത്സവത്തില്‍ പങ്കെടുത്ത മാര്‍ഗരറ്റ് ബസ്ബി ആണ് ബുക്കര്‍ പ്രൈസ് 2020 ജൂറി ചെയര്‍. ജഡ്ജസിന്റെ അഭിപ്രായം ഏകകണ്ഠമായിരുന്നുവെന്നും പുരസ്‌കാരം തീരുമാനിക്കാന്‍ വെറും ഒരു മണിക്കൂര്‍ മാത്രമേ വേണ്ടിയിരുന്നുള്ളൂവെന്ന് മാര്‍ഗരറ്റ് ബസ്ബി പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ പറഞ്ഞു. 

ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്റെ ആദ്യനോവലാണ് ഷഗ്ഗീ ബെയിന്‍. 80-കളില്‍ ജീവിച്ച ഒരാണ്‍കുട്ടിയുടെ ജീവിത പ്രതിസന്ധികളെക്കുറിച്ചാണ് നോവല്‍ പറയുന്നത്. വാര്‍ത്ത അതീവ സന്തോഷം നല്‍കുന്നുവെന്നും പുരസ്‌കാരം തന്റെ മാതാവിന് സമര്‍പ്പിക്കുന്നുവെന്നും ഡഗ്ലസ് പ്രതികരിച്ചു. 

ബുക്കര്‍ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്‌കോട്ട്‌ലാന്റുകാരനാണ് ഡഗ്ലസ്. 1994-ല്‍ ജെയിംസ് കെള്‍മാനാണ് ആദ്യമായി ബുക്കര്‍ പ്രൈസിന് അര്‍ഹനായ സ്‌കോട്ട് പൗരന്‍.

Content Highlights: Booker prize 2020 Douglas Stuart Shuggie Bain