പ്രതീകാത്മകചിത്രം | Photo : Pixabay
ബമാക്കോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇരുപത്തഞ്ചുകാരി ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി മാലി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗര്‍ഭകാല പരിശോധനയുടെ അടിസ്ഥാനത്തില്‍ ഏഴ് കുഞ്ഞുങ്ങളാണ് യുവതിയുടെ ഉദരത്തിലുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ ഈ നിഗമനത്തെ പാടെ തെറ്റിച്ചു കൊണ്ടായിരുന്നു ചൊവ്വാഴ്ച ഒമ്പത് കുഞ്ഞുങ്ങളുടെ പിറവി. ഇതോടെ ഒറ്റ പ്രസവത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുന്ന അപൂര്‍വസൗഭാഗ്യം ഹലീമ സിസ്സെ എന്ന യുവതിയ്ക്ക് ലഭിച്ചു.
മൊറോക്കോയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ഹലീമയുടെ അപൂര്‍വ ഗര്‍ഭം അധികൃതരുടേയും ശ്രദ്ധ നേടിയിരുന്നു. യുവതിയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മാര്‍ച്ചില്‍ ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ബാ നഡോയുടെ നിര്‍ദേശപ്രകാരം വിദഗ്ധചികിത്സയും പ്രത്യേക പരിഗണനയും ഉറപ്പാക്കാന്‍ ഹലീമയെയെ മൊറോക്കോയിലേക്ക് മാറ്റിയിരുന്നു.
അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് ജനിച്ചത്. നവജാതശിശുക്കളും അമ്മയും ആരോഗ്യത്തോടെയും സൗഖ്യത്തോടെയുമിരിക്കുന്നതായി മാലി ആരോഗ്യമന്ത്രി ഫാന്റാ സിബി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമ്മയും കുഞ്ഞുങ്ങളും മാലിയിലേക്ക് മടങ്ങിയെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മൊറോക്കോയിലെ ഓരാശുപത്രിയിലും ഇത്തരത്തിലൊരു പ്രസവം നടന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് മൊറോക്കോ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് റുചിദ് കൗധാരി പ്രതികരിച്ചു.
അപൂര്‍വമായി മാത്രമാണ് ലോകത്ത് ഇത്തരത്തിലുള്ള പ്രസവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നോന്യുപ്ലെറ്റ്സ്(Nonuplets) എന്ന ഒറ്റ പ്രസവത്തിലുണ്ടാകുന്ന കൂടുതല്‍ എണ്ണം കുഞ്ഞുങ്ങള്‍ക്ക് അതിജീവനം അസാധ്യമായാണ് കണ്ടുവരുന്നത്. പല സന്ദര്‍ഭങ്ങളിലും പൂര്‍ണവളര്‍ച്ചയെത്താതെ കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്നതാണ് പതിവ്. ഇത്തരം പ്രസവത്തെ കുറിച്ചുള്ള വ്യാജവാര്‍ത്തകളും പ്രചരിക്കാറുണ്ട്. ഇന്ത്യാക്കാരിയായ യുവതി 11 ആണ്‍കുട്ടികള്‍ക്ക് ഒറ്റ പ്രസവത്തില്‍ ജന്മം നല്‍കിയെന്ന വാര്‍ത്ത പ്രചരിക്കുകയും പിന്നീടത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
Content Highlights: Mali Woman Gives Birth To Nine Babies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..