അബ്ദുള്ള യമീന്റെ പ്രചാരണത്തിൽനിന്ന്| Photo Courtesy: twitter.com/TRTWorldNow
മാലെ: സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ രാജ്യത്തെ ഇന്ത്യന്‍സാന്നിധ്യത്തിനെതിരായ പ്രചാരണവുമായി മാലെദ്വീപ് മുന്‍പ്രസിഡന്റ് അബ്ദുള്ള യമീന്‍. അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ 2019-ലാണ് അബ്ദുള്ള ജയിലിലായത്. അഞ്ചുകൊല്ലമായിരുന്നു ശിക്ഷ. പിന്നീട് വീട്ടുതടങ്കലിലേക്ക് മാറ്റപ്പെട്ടു. 2021 അവസാനത്തോടെ ഇദ്ദേഹം ജയില്‍മോചിതനായി.
ഇന്ത്യയുമായി ഒപ്പുവെച്ച പ്രതിരോധ കരാറുകള്‍ റദ്ദാക്കണമെന്നാണ്, പ്രോഗ്രസീവ് പാര്‍ട്ടി നേതാവായ ഇദ്ദേഹത്തിന്റെ ആവശ്യം. 'ഇന്ത്യ ഔട്ട്' എന്ന പേരിലാണ് അബ്ദുള്ളയുടെ പ്രചാരണം. 2013 മുതല്‍ 2018 വരെയാണ് ഇദ്ദേഹം മാലെദ്വീപിന്റെ പ്രസിഡന്റ് ആയിരുന്നത്. കാലങ്ങളായി അടുത്തസൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളാണ് മാലെദ്വീപും ഇന്ത്യയും. മാലെദ്വീപിലെ ചൈനീസ് സാന്നിധ്യത്തെ കൂടാതെ അബ്ദുള്ളയുടെ ഇന്ത്യ ഔട്ട് കാമ്പയിനും ഇന്ത്യക്ക് ആശങ്കയാകുന്നുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപസമൂഹങ്ങളില്‍ ഇന്ത്യ വലിയതോതില്‍ സൈനികസാന്നിധ്യം വികസിപ്പിച്ചുവെന്നും അബ്ദുള്ള ആരോപിക്കുന്നു. എന്നാല്‍ മാലെദ്വീപ് ഭരണകക്ഷി ഇത് നിഷേധിക്കുകയാണ്. മോചിതനായതിന് പിന്നാലെ അബ്ദുള്ള ആരംഭിച്ച ഇന്ത്യാവിരുദ്ധ പ്രചാരണവും റാലികളും വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്.
ഇന്ത്യയുടെ സൈനിക സാന്നിധ്യം മാലെദ്വീപിന്റെ ദേശീയസുരക്ഷയെ അപകടത്തിലാക്കുക മാത്രമല്ല, പുരോഗതിയെയും വികസനത്തെയും തടയുമെന്നും അബ്ദുള്ള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സമുദ്രം, പ്രത്യേകിച്ച് ഞങ്ങളുടെ അയല്‍പക്കത്ത് സൈനികസാന്നിധ്യമുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സൈനികസാന്നിധ്യമില്ലാത്ത മേഖലയാകാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. ഒരു വിദേശശക്തിയെയും ഇവിടെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല- അബ്ദുള്ള വ്യക്തമാക്കി.
അതേസമയം, മാലെദ്വീപിലെ ഇന്ത്യന്‍സൈനിക സാന്നിധ്യം, മാലെദ്വീപ് പ്രതിരോധസേന ഉപയോഗിക്കുന്ന മൂന്ന് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ആന്‍ഡ് സര്‍വൈലന്‍സ് എയര്‍ക്രാഫ്റ്റുകളുടെ ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്, മിലിട്ടറി ആശുപത്രിയിലെ വൈദ്യസംഘം എന്നിങ്ങനെ പരിമിതമാണെന്ന് പ്രതിരോധമന്ത്രി മരിയ ദിദി പ്രതികരിച്ചു. മാലെദ്വീപില്‍ അധിക വിദേശ സൈനിക സാന്നിധ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റദ്ദാക്കണമെന്ന് അബ്ദുള്ള ആവശ്യപ്പെടുന്ന കരാറുകളില്‍ ചിലത് അദ്ദേഹം തന്നെ അധികാരത്തിലിരിക്കെ ഒപ്പിട്ടതാണെന്നും മരിയ വ്യക്തമാക്കി.
അബ്ദുള്ള യമീനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തലസ്ഥാനമായ മാലെയില്‍ രണ്ടുദിവസത്തിനു ശേഷം നടത്താനിരുന്ന റാലിക്ക് മാര്‍ച്ച് 23-ന് മാലെദ്വീപ് പാര്‍ലമെന്റ് അനുമതി നിഷേധിച്ചിരുന്നു. റാലിക്ക് അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം അവതരിപ്പിച്ചത് മാലെദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എം.ഡി.പി.) അംഗമായ അബ്ദുള്ള ജാബിര്‍ ആയിരുന്നു. മുന്‍പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ പാര്‍ട്ടിയാണ് എം.ഡി.പി. ഇന്ത്യ ഔട്ട് എന്നായിരുന്നു റാലിയുടെ പ്രമേയം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മാലെദ്വീപില്‍ എത്തുന്നതിന് തലേദിവസമായിരുന്നു റാലി നടത്താന്‍ അബ്ദുള്ളയും സംഘവും നിശ്ചയിച്ചിരുന്നതെങ്കിലും അനുമതി ലഭിക്കാത്തതിനാല്‍ നടന്നില്ല. രാജ്യത്തെ വിവിധഭാഗങ്ങളില്‍നിന്ന് റാലിയില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തേക്ക് പുറപ്പെട്ടവരെ പോലീസ് തടയുകയും ചെയ്തു.
Content Highlights: maledives former president abdulla yameen india out campaign
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..