തായ്‌പേയ്: സൂപ്പര്‍ ടൈക്കൂണ്‍ വിഭാഗത്തില്‍ പെടുന്ന ദുജുവാന്‍ ചുഴലിക്കൊടുങ്കാറ്റ് തായ്‌വാന്‍ തീരത്തിനടുത്തെത്തി. ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് തായ്‌വാനിലെ തീരപ്രദേശത്തുനിന്നും അയ്യായിരത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഇന്ന് ഉച്ചതിരിഞ്ഞ് ചുഴലിക്കൊടുങ്കാറ്റ് തായ്‌വാന്‍ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷര്‍ കരുതുന്നത്. മണിക്കൂറില്‍ 227 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കൊടുങ്കാറ്റ് തീരത്തോട് അടുക്കുന്നത്. തായ്‌വാനിലെ അതിവേഗ റെയില്‍വേ സര്‍വീസുകളും നിര്‍ത്തിവെച്ചു. 

തായ്‌വാനിലെ ടൂറിസം ദ്വീപുകളാണ് ചുഴലിക്കൊടുങ്കാറ്റിന്റെ പാതയിലുള്ളത്. ഇവിടെയുള്ള വിദേശികളായ 3000 പേരെ സുരക്ഷിതമായി മാറ്റിക്കഴിഞ്ഞു. ചുഴലിക്കൊടുങ്കാറ്റിനോടനുബന്ധിച്ചുണ്ടായേക്കാവുന്ന കനത്തമഴയെ നേരിടാനും അധികൃതര്‍ നടപടികളെടുത്തിട്ടുണ്ട്. 

ദുജുവാന്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ചൈനീസ് തീരങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.