മോസ്‌കോ: റഷ്യന്‍ യാത്രാ വിമാനം പറന്നുയര്‍ന്നതിന് ശേഷം കാണാതായി. സൈബീരിയന്‍ മേഖലയിലെ ടോംസ്‌കില്‍ വെച്ചാണ് വിമാനം കാണാതായത്. 28 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ പൈലറ്റ് ഉള്‍പ്പെടെ 13 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. 

കാണാതായ വിമാനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, വിമാനത്തില്‍ 17 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ ആദ്യം റിപ്പോർട്ട് ചെയ്തത്.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് റഷ്യയില്‍ 28 പേരുമായി യാത്രതിരിച്ച മറ്റൊരു വിമാനം കടലില്‍ തകര്‍ന്നുവീണിരുന്നു. നിലത്തിറങ്ങുന്നതിന് പത്ത് കിലോമീറ്റര്‍ ദൂരെവെച്ചാണ് അന്റോനോവ് എ.എന്‍-26 വിമാനവുമായി ആശയവിനിമയം നഷ്ടമായത്. തുടർന്നാണ് വിമാനം തകർന്നുവീണതായി കണ്ടെത്തിയത്.

Content Highlights: Russian Plane with 13 passengers missing near Siberia