വാഷിംഗ്ടണ്‍: അഫ്ഗാനിസ്താനിലെ ഖുണ്ടൂസില്‍ താലിബാന്‍ തീവ്രവാദികളെ വധിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ആസ്പത്രി ആക്രമണത്തില്‍  19 ആസ്പത്രി ജീവനക്കാരും നിരവധി രോഗികളും മരിച്ച സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ മാപ്പു പറഞ്ഞു.

സന്നദ്ധസംഘടനയായ മെഡിസിന്‍ സാന്‍ ഫ്രോണ്ടിയേഴ്‌സിന്റെ (എം.എസ്.എഫ്.) മേധാവി ജോവാന്‍ ലിയുവിനെ വൈറ്റ്ഹൗസിലേക്ക് വിളിച്ച് വരുത്തിയാണ് ഒബാമ ഖേദപ്രകടനം നടത്തിയത്. 

 യു.എസ്. സൈന്യം നടത്തിയ ബോംബാക്രമണത്തെക്കുറിച്ച് അന്താരാഷ്ട അന്വേഷണം വേണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു. ആസ്പത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അബദ്ധമെന്ന് അഫ്ഗാനിസ്താനിലെ യു.എസ്. കമാന്‍ഡര്‍ ജനറല്‍ ജോണ്‍ കാംപ്‌ബെലും വിശേഷിപ്പിച്ചിരുന്നു. 

സംഭവത്തെ ഐക്യരാഷ്ട്രസഭയും അപലപിച്ചിരുന്നു. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് താലിബാന്‍ ഖുണ്ടൂസ് നഗരം കീഴടക്കിയത്. നഗരം മോചിപ്പിക്കാനുള്ള സൈനികനടപടിയില്‍ നൂറിലധികം താലിബാന്‍കാരെ വധിച്ചതായും നഗരത്തിന്റെ നിയന്ത്രണം തിരികെപ്പിടിച്ചതായും അഫ്ഗാന്‍ സൈനികവക്താവ് പറഞ്ഞു.

താലിബാന്‍ ആസ്പത്രി ആക്രമിച്ച് കീഴടക്കി മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ശനിയാഴ്ച സൈന്യം ആസ്പത്രിക്ക് നേരെ ബോംബ് വര്‍ഷം നടത്തിയത്. മെഡിസിന്‍ സാന്‍സ് ഫ്രോണ്ടിയേസ് നടത്തുന്ന ആസ്പത്രിക്ക് നേരെയായിരുന്നു ആക്രമണം.