'എന്നും രാത്രി കാബൂളിലെ സ്ത്രീകളും പുരുഷന്‍മാരും എനിക്ക് മെസ്സേജുകള്‍ അയക്കും, ഇവിടെ സ്ഥിതി ഗുരുതരമാണും ഞങ്ങള്‍ ആശങ്കയിലാണെന്നും പറയും, പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടും. എന്തെങ്കിലും രക്ഷയുണ്ടോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്'- യാള്‍ഡ ഹക്കീം

രെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കൂ എന്നുപറഞ്ഞ് നിലവിളികൂട്ടുകയാണ് അഫ്ഗാനിലെ സ്ത്രീകള്‍. സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരുടെ ജീവിതം ഇന്ന് മരണത്തിന്റെ നിഴലിലാണ്. ബിബിസിയുടെ കാബൂളിലെ റിപ്പോര്‍ട്ടര്‍ യാള്‍ഡ ഹക്കീമിന്റെ വാക്കുകളിലേക്ക്-

താലിബാന്‍ ഓരോ നഗരങ്ങളും കീഴടക്കുമ്പോള്‍ നടുങ്ങി കഴിയുകയാണ് കാബൂള്‍ നിവാസികള്‍. അഫ്ഗാനിസ്ഥാനിലെ 18 പ്രവിശ്യകളും താലിബാന്‍ ഇതിനോടകം പിടിച്ചടക്കി കഴിഞ്ഞു. ഇനി അവരുടെ ലക്ഷ്യം കാബൂളാണെന്ന് അവിടെ എല്ലാവര്‍ക്കും അറിയാം. 

''എനിക്ക് ഇവിടുന്ന് പുറത്ത് കടക്കണം സഹായിക്കാമോ? സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി, അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യം നിലനില്‍ക്കുന്നതിന് വേണ്ടി നിരവധി പ്രവത്തനങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കൊല്ലപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു'' -കാബൂളില്‍ നിന്നും ലേഖികയ്ക്ക് ലഭിച്ച സന്ദേശം

അഫ്ഗാനിസ്ഥാനില്‍ നിന്ന് വര്‍ഷങ്ങളായി ഞാന്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ എനിക്കറിയാം. മിക്കവരും അടുത്ത സുഹൃത്തുക്കളാണ്. അമേരിക്കന്‍ സഖ്യസേനയുടെ പിന്തുണയില്‍ പടുത്തുയര്‍ത്തിയ അഫ്ഗാന്‍ ഭരണകൂടത്തിന് കീഴില്‍ വളര്‍ന്നുവന്ന ഒരു തലമുറ ഇവിടെയുണ്ട്. എല്ലാ സ്വാതന്ത്ര്യങ്ങളും അനുഭവിച്ച് വളര്‍ന്ന ഒരു തലമുറ. അവരിന്ന് സ്വാതന്ത്ര്യത്തില്‍ നിന്ന് അകലെയാണ്. 

''നിലവിലെ സ്ഥിതി ഭയജനകമാണ്. ഞാന്‍ താമസിക്കുന്ന പ്രദേശത്ത് ഇന്ന് രാത്രി താലിബാന്‍ സേന എത്തുമെന്നാണ് അഭ്യൂഹങ്ങള്‍, ഞങ്ങള്‍ക്ക് പേടിയാകുന്നു'' -കാബൂളില്‍ നിന്നും ലേഖികയ്ക്ക് ലഭിച്ച സന്ദേശം

കാബൂളില്‍വെച്ച് താലിബാന്റെ ഒരു കമാന്‍ഡറുമായി സംസാരിച്ചിരുന്നു. അവര്‍ പറയുന്നത് ശരീഅത്ത് നിയമം അഫ്ഗാനിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നാണ് ശരീഅത്ത് നിയമം അവരെ പേടിപ്പെടുത്തുന്നു. ഈ നിയമപ്രകാരമുള്ള ശിക്ഷകള്‍ ഭീകരമാണ്. വിവാഹേതര ബന്ധത്തിന് കല്ലെറിഞ്ഞ് കൊല്ലും, കളവ് ചെയ്താല്‍ കൈ മുറിച്ച് മാറ്റും, 12 വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശം നല്‍കില്ല. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍, യുവതീയുവാക്കള്‍ ആഗ്രഹിക്കുന്ന ജീവിതം ഇതല്ല. താലിബാന് കീഴില്‍ ശ്വാസംമുട്ടിക്കഴിയുന്ന അഫ്ഗാനിസ്ഥാനല്ല അവരുടെ സ്വപ്‌നം. എന്നാല്‍ താലിബാന്‍ കാബൂളില്‍ പിടിമുറുക്കുമ്പോള്‍ അവര്‍ക്ക് ഓടിയൊളിക്കാന്‍ സ്ഥലമില്ല. 

''ഞാനൊരു ആക്ടിവിസ്റ്റാണ് വിദ്യാസമ്പന്നയായ യുവതിയാണ്. എന്നേയും എന്റെ കുടുംബത്തേയും താലിബാന്‍ ഇല്ലാതാക്കും. ഞാനാരാണെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം''കാബൂളില്‍ നിന്നും ലേഖികയ്ക്ക് ലഭിച്ച സന്ദേശം 

''വീടിന് താഴെ ഭൂഗര്‍ഭ അറയുണ്ടാക്കി അതിലാണ് ഞങ്ങള്‍ ഇപ്പോള്‍ താമസം. എല്ലാ രേഖകളും ഞങ്ങള്‍ ഒളിപ്പിച്ചിരിക്കുകയാണ്. എല്ലാ കാലവും ഇങ്ങനെ ഒളിച്ചിരിക്കാനാവില്ല എന്നറിയാം. പാതിരാത്രി ചീറിപ്പാഞ്ഞ് വരുന്ന മിസൈലുകളില്‍ നിന്നും ബുള്ളറ്റുകളിലില്‍ നിന്നും താത്കാലിക രക്ഷമാത്രമാണിത്. താലിബാന്‍ തീവ്രവാദികള്‍ വീടുവീടാന്തരം കയറി പരിശോധിക്കുന്ന ദിവസംവരെ ഞങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന് കരുതുന്നു'' -കാബൂളില്‍ നിന്ന് ലേഖികയ്ക്ക് ലഭിച്ച സന്ദേശം 

അമേരിക്കയുമായും സര്‍ക്കാരുമായും എന്തെങ്കിലും ബന്ധമുള്ള എല്ലാവരേയും താലിബാന്‍ കൊലപ്പെടുത്തുമെന്നാണ് ഇവിടെ എല്ലാവരും പറയുന്നത്. ഞങ്ങള്‍ പേടിച്ചാണ് ജീവിക്കുന്നത്- ചിലര്‍ എന്നോട് പറഞ്ഞു. എന്നാല്‍ ഇവരുടെ നിലവിളികള്‍ ആര് കേള്‍ക്കും? അമേരിക്കയ്ക്കും സഖ്യസേനയ്ക്കും ഇവരോട് എന്താണ് പറയാനുള്ളത്, ഈ മൗനം മാത്രമാണോ അവര്‍ക്കുള്ള മറുപടി?

content highlights: kabool young women seeking for help