Kanthapuramദുബായ്: ലോകത്തെ സ്വാധീനിച്ച 500 മുസ്ലിംവ്യക്തിത്വങ്ങളില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരിയും ഈവര്‍ഷവും ഇടംനേടി. ജോര്‍ദാനിലെ അമ്മാന്‍ ദി റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്ററാണ് ഇസ്ലാമികലോകത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങളുടെ പട്ടിക ഉള്‍പ്പെടുത്തി 'ദ് മുസ്ലിം 500' 2016 പതിപ്പ് പുറത്തിറക്കിയത്. തുടര്‍ച്ചയായി അഞ്ചാംവര്‍ഷമാണ് കാന്തപുരം പട്ടികയില്‍ ഇടംനേടുന്നത്. ഖലീല്‍ അല്‍ബുഖാരി നാലാംതവണയും.

ഓരോ വര്‍ഷവും വ്യത്യസ്തവിഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ദ് മുസ്ലിം 500 പ്രസിദ്ധീകരിക്കുന്നത്. സ്വാധീനമേറിയ 50 പേരുടെ ലിസ്റ്റാണ് ഇത്തവണത്തെ പ്രത്യേകത. യു.എ.ഇ. സായുധസേനാ ഉപമേധാവിയും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇതില്‍ ഏഴാംസ്ഥാനത്തുണ്ട്. യെമനി പണ്ഡിതന്‍ ശൈഖ് ഉമര്‍ ഹഫീള്, യു.എ.ഇ. ത്വൈബ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശൈഖ് ഹബീബ് അലി ജിഫ്രി എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു.
 
മുസ്ലിംസമൂഹത്തിന് നല്‍കിയ സേവനങ്ങളെ മാനദണ്ഡമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇന്ത്യക്കാരുടെ ലിസ്റ്റില്‍ അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം, മുഫ്തി അഖ്തര്‍ റസാഖാന്‍ ഖാദിരി, ഖമറുസ്സമാന്‍ ആസ്മി, ആമിര്‍ഖാന്‍, ഡോ. സാക്കിര്‍ നായിക്, ശാക്കിറലി നൂരി, എ.ആര്‍. റഹ്മാന്‍, അസദുദ്ദീന്‍ ഒവൈസി എം.പി., ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി തുടങ്ങിയവരും ഇടംപിടിച്ചു.