അമേരിക്കക്കാര്‍ക്ക് കൊറോണയെന്നാല്‍ വൈറസ് മാത്രമല്ല, മറിച്ച് പ്രകൃതി സൗന്ദര്യത്തിന്റെ പ്രതീകമായ ഒരു നഗരം കൂടിയാണ്.
പ്രശസ്തമായ ലോസ് ആഞ്ജലിസ് നഗരത്തില്‍നിന്നു 40 കിലോമീറ്റര്‍ അകലെയാണ് കൊറോണ നഗരം. മലയാളികളും ഗുജറാത്തികളുമായി മുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ലോസ് ആഞ്ജലിസിലും പരിസരങ്ങളിലുമായി ജോലിയുള്ളവര്‍ക്ക് ആത്മബന്ധമുള്ള നഗരമാണ് ഇത്. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് പ്രൊഫസറും കൊച്ചി കലൂര്‍ സ്വദേശിയുമായ പ്രൊഫ.രാമന്‍ ഉണ്ണികൃഷ്ണന്‍ താമസിക്കുന്നത് കൊറോണ നഗരത്തിലാണ്.
വൈറസ് ഭീതി ലോകത്തെ ഗ്രസിച്ചതോടെ അസ്വസ്ഥരാണ് ഈ നഗരവാസികളെന്ന് പ്രൊഫ.ഉണ്ണികൃഷ്ണന്‍ പറയുന്നു. കാരണം അവരുടെ കൊറോണ സുഖകരമായ സായാഹ്നങ്ങള്‍ക്ക് പേരുകേട്ടതത്രേ.
രണ്ടുലക്ഷത്തോളം വരുന്ന താമസക്കാര്‍ക്ക് സ്വര്‍ഗീയ സുഖം പകരുന്ന നഗരമെന്നാണ് ഉണ്ണികൃഷ്ണന്‍ കൊറോണ നഗരത്തെ വിശേഷിപ്പിച്ചത്. സൗന്ദര്യത്തിന്റെ തുടിപ്പുകളാണ് ഇവിടത്തെ താഴ്‌വരകള്‍. കൊറോണയിലെ സാന്റ അന പര്‍വതനിരകള്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന കാഴ്ച ഹൃദയഹാരിയാണ്. ഹരിതഭംഗിയാര്‍ന്ന പൂന്തോട്ടങ്ങള്‍ എങ്ങും കാണാം. ബെഡ്‌റൂം സിറ്റി എന്നും ഈ നഗരത്തെ വിളിക്കുന്നുണ്ട്.
1896 ലാണ് കൊറോണ നഗരം സ്ഥാപിച്ചത്. ലോക പ്രസിദ്ധമായ സ്‌പോര്‍ട്‌സ്‌കാര്‍ നിര്‍മ്മാതാവ് താമസിക്കുന്നത് ഈ നഗരത്തിലാണ്. ലോസ് ആഞ്ജലിസിലുള്ള പ്രശസ്തരായ ബിസിനസ്സുകാരും ചലച്ചിത്രകാരന്മാരും കലാകാരന്മാരും എഴുത്തുകാരും തുടങ്ങി കൊറോണ നഗരത്തിന്റെ വശീകരണവലയില്‍ ആകൃഷ്ടരായവര്‍ ഏറെയുണ്ട്. കൊറോണക്ക് ലാറ്റിന്‍ ഭാഷയില്‍ ദിവ്യവെളിച്ചം എന്നാണ് അര്‍ത്ഥം. രാജകീയ പ്രൗഢിയുടെ പ്രതീകം എന്നും പറയും. വൈറസ് ഭീഷണിയായതോടെ ആ അര്‍ഥത്തിന് മങ്ങലേറ്റിറ്റുണ്ട്.
കൊറോണ ബിയര്‍ പ്രസിദ്ധമാണ്. പക്ഷെ കൊറോണ രോഗം അമേരിക്കയില്‍ വ്യാപിച്ചതോടെ ബിയറിന്റെ വില്‍പന താണു. എങ്കിലും സ്വാദിഷ്ടമായ ബിയര്‍ ടിന്നിനെ ചുംബിച്ച് കുടിക്കുന്നവരുമുണ്ട്.
ഇവിടെയുള്ള കൊറോണ പാര്‍ക്കും കൊറോണ സിറ്റിഹോളും കൊറോണ വില്ലേജും പ്രസിദ്ധമാണ്. കൊറോണ സ്‌കൂളിന് ഉന്നത നിലവാരമുണ്ട്. നൂറോളം മലയാളി വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ടെന്ന് പ്രൊഫ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
2009 ലാണ് പ്രൊഫ. ഉണ്ണികൃഷ്ണന്‍ നഗരത്തില്‍ വീട് വാങ്ങിയത്. പറവൂര്‍ സ്വദേശിയായ ഭാര്യ ഡോ.രമ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരായ രണ്ട് ആണ്‍മക്കളുണ്ട്. മഹാരാഷ്ട്രയിലെ ഏതാനും യൂണിവേഴ്‌സിറ്റികളില്‍ ഉപദേഷ്ടാവ് എന്ന നിലയില്‍ സന്ദര്‍ശനത്തിന് പ്രൊഫ.ഉണ്ണികൃഷ്ണന്‍ തയ്യാറെടുക്കുമ്പോഴാണ് മുംബൈ കൊറോണയുടെ പിടിയിലമര്‍ന്നത്. ഇതോടെ യാത്ര നീട്ടിവെച്ചിരിക്കുകയാണ്.
Content Highlights:Corona, The American city near Los Angeles