ന്യൂഡല്‍ഹി: ലോകബാങ്കും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും ഫണ്ട് നിഷേധിച്ച പാകിസ്താനിലെ സിന്ധു നദിയിലെ അണക്കെട്ട് പദ്ധതി ചൈന ഏറ്റെടുക്കുന്നു.

ഇന്ത്യ അവകാശമുന്നയിക്കുന്ന ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലാണ് ചൈനയുടെ അണക്കെട്ട് വരുന്നത്. 

ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാക്കി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അണക്കെട്ടിന് നേരത്തെ ഇന്ത്യയുടെ എതിര്‍പ്പ് കാരണമാണ് ആഗോള സാമ്പത്തിക ഏജന്‍സികള്‍ ഫണ്ട് നിഷേധിച്ചത്. 

നിലവില്‍ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ ജലവൈദ്യുത പദ്ധതികളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സജീവമായി ആലോച്ചിക്കുന്നതെന്നും പാകിസ്താന്‍ ഊര്‍ജകാര്യ ബോര്‍ഡ് അധ്യക്ഷന്‍ മുസാമില്‍ ഹുസൈന്‍ പറയുന്നു.

സിന്ധു നന്ദിയിലെ ഡാം പദ്ധതിക്ക് ചൈനയില്‍ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ പാകിസ്താന്‍ ആസൂത്രണ മന്ത്രിയും വ്യക്തമാക്കിയിരുന്നു. 

രണ്ട് വര്‍ഷം മുന്‍പ് തന്നെ അണ നിര്‍മ്മാണത്തിനായി പാക് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് പദ്ധതി മന്ദഗതിയിലായത്. 

അണക്കെട്ട്  പൂര്‍ത്തിയായാല്‍ 4500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും മേഖലയിലെ കാര്‍ഷികാവശ്യങ്ങള്‍ക്കായി ജലം കണ്ടെത്താമെന്നുമാണ് പാകിസ്താന്‍ പ്രതീക്ഷിക്കുന്നത്.