ലണ്ടന്‍: സംസ്‌കരിച്ച മാംസാഹാരവും ചുവന്ന മാംസവും അര്‍ബുദകാരികളാണെന്ന് ലോകാരോഗ്യസംഘടന (ഡബ്യു.എച്ച്.ഒ.). സിഗരറ്റ് അര്‍ബുദത്തിന് എത്രത്തോളം കാരണമാകുന്നോ അത്രതന്നെ പ്രശ്‌നമുണ്ടാക്കുന്നതാണ് ഉപ്പിട്ടുണക്കിയ പന്നിയിറച്ചിയും സോസേജുകളുംപോലുള്ള സംസ്‌കരിച്ച മാംസോത്പന്നങ്ങളെന്നാണ് ഡബ്ല്യു.എച്ച്.ഒ. പറയുന്നത്.
അര്‍ബുദത്തിന് കാരണമായ വസ്തുക്കളുള്‍പ്പെടുന്ന ഡബ്ല്യു.എച്ച്.ഒയുടെ എന്‍സൈക്ലോപീഡിയയില്‍ ഇവയും ഇടംനേടുമെന്നാണ് വാര്‍ത്ത. സംഘടനയുടെ അര്‍ബുദ ഗവേഷണവിഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാണ് (ഐ.എ.ആര്‍.സി.) എന്‍സൈക്ലോപീഡിയ തയ്യാറാക്കുന്നത്.
മദ്യം, ആസ്ബസ്റ്റോസ്, ആഴ്‌സനിക്, സിഗരറ്റ് എന്നിവയാണ് ഏറ്റവും വലിയ അര്‍ബുദകാരികളുടെ പട്ടികയില്‍ ഇപ്പോഴുള്ളത്. ഇവയുടെ ഗണത്തില്‍ സംസ്‌കരിച്ച മാംസവും പെടുമെന്നാണ് ബ്രിട്ടീഷ് പത്രമായ 'ദ ഡെയ്‌ലി മെയിലി'ന്റെ റിപ്പോര്‍ട്ട്. ചുവന്ന മാംസം കഴിക്കുന്നവര്‍ ധാരാളം പച്ചക്കറികള്‍ കഴിച്ചാല്‍ അര്‍ബുദസാധ്യതയെ പ്രതിരോധിക്കാം. എന്നാല്‍, മാംസാഹാരികള്‍ പൊതുവേ പച്ചക്കറി കഴിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബീഫ്, പന്നി, ആട് എന്നിവയുടെ മാംസമാണ് ചുവന്ന ഇറച്ചിയില്‍പ്പെടുന്നത്. ഐ.എ.ആര്‍.സിയുടെ നിഗമനങ്ങള്‍ തിങ്കളാഴ്ച പുറത്തുവിടും. ഇതേസമയംതന്നെ ശാസ്ത്രപ്രസിദ്ധീകരണമായ 'ദ ലാന്‍സെറ്റ് ഓങ്കോളജി'യിലും ഇത് പ്രസിദ്ധീകരിക്കും.