കാണ്ഡഹാര്‍: കിഴക്കന്‍ അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 46പേര്‍ കൊല്ലപ്പെട്ടു. 37 സൈനികരും ഒമ്പതു തീവ്രവാദികളുമാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. അതേസമയം, 80 സൈനികരെ വധിച്ചതായി താലിബാന്‍ അവകാശപ്പെട്ടു.
 
ചൊവ്വാഴ്ച രാത്രിയാണ് കാണ്ഡഹാറിലെ സൈനികകേന്ദ്രത്തിനുനേരേ താലിബാന്‍ ആക്രമണം തുടങ്ങിയത്. പാകിസ്താനില്‍ ഇന്ത്യ, പാകിസ്താന്‍, യു.എസ്. പ്രതിനിധികള്‍ സുരക്ഷ സംബന്ധിച്ച് സുപ്രധാനചര്‍ച്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം.
 
യു.എസ്. നാറ്റോ സൈന്യത്തിന്റെ താവളമായിരുന്നു തീവ്രവാദികള്‍ ലക്ഷ്യമിട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഒട്ടേറെപ്പേരെ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
 
എ.കെ.47 തോക്കുകളുമായി സൈനികയൂണിഫോമിലാണ് തീവ്രവാദികള്‍ എത്തിയത്. വിമാനത്താവളത്തില്‍ തീവ്രവാദികള്‍ ആയുധങ്ങളുമായെത്തിയത് വലിയ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തുന്നത്.
 
ആക്രമണത്തെ തുടര്‍ന്ന് സമീപത്തുള്ള വീടുകളില്‍നിന്ന് ആരും പുറത്തിറങ്ങരുതെന്ന് സൈന്യം നിര്‍ദേശം നല്‍കി. വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അഹമ്മദുള്ള ഫൈസി പറഞ്ഞു.