അബുജ: സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ പ്രസിഡന്റിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് ഭീഷണിയുമായി നൈജീരിയന്‍ പ്രസിഡന്റിന്റെ ഭാര്യ. കുത്തഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ സംവിധാനത്തെ നേരെയാക്കിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്നും പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ഭാര്യ ഐഷ ബുഹാരി മുന്നറിയിപ്പു നല്കി.
ബിബിസിക്ക് നൽകിയ അഭിമുഖത്തിനിടെയാണ് നൈജീരിയൻ പ്രഥമവനിതയുടെ ഭീഷണി. തന്റെ സര്‍ക്കാരിനു കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റിന് യാതൊരു അറിവുമില്ലെന്ന് അവർ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ നിയമിച്ച ഉദ്യോഗസ്ഥാര്‍ ആരൊക്കെയാണെന്നു പോലും പ്രസിഡന്റിന് അറിയില്ല.
പുതുതായി നിയമിതരായ 50 പേരില്‍ 45 പേരെയും പ്രസിഡന്റിന് അറിയില്ല. ഏതാനും ചിലരുടെ വേണ്ടപ്പെട്ടവരെയാണ് പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടവരില്‍ പലരും ജോലി ചെയ്യാതെ വീട്ടിലിരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.
അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ മുഹമ്മദ് ബുഹാരി പ്രസിഡന്റായി അധികാരത്തിലേറിയത്. ആര്‍ക്കെങ്കിലും വേണ്ടിയല്ല, എല്ലാവര്ക്കും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ പ്രസിഡന്റ് രാജ്യത്തിന് വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്.
രാജ്യത്തിന്റെ പോക്ക് ഈ വിധത്തിലാണെങ്കില്‍ 2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ സര്‍ക്കാരിനെതിരായി രംഗത്തിറങ്ങുമെന്നും ഐഷ ബുഹാരി പറഞ്ഞു. നൈജീരിയയുടെ രാഷ്ട്രീയ രംഗത്ത് സ്വാധീനമുള്ള വ്യക്തിയാണ് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഐഷ ബുഹാരി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..