ബോസ്റ്റണ്‍: താലിബാന്റെ ക്രൂരതയ്ക്കിരയായി ഒമ്പത് വര്‍ഷങ്ങള്‍ കഴിയുമ്പോഴും മലാലയ്ക്ക് ഇതുവരേയും ആ ദിനത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ അന്നത്തെ ആ പതിനഞ്ചുവയസ്സുകാരിയായ മലാല ആ കറുത്തദിനത്തെ ഓര്‍ത്തെടുക്കുകയാണ്. പോഡിയത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും മലാല പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആഹ്വാനം ചെയ്തു. 'Healing from one Taliban bullet' എന്ന തലക്കെട്ടിലാണ് മലാല പോഡിയത്തില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. 

2012ലാണ് മലാല താലിബാന്റെ ക്രൂരതയ്ക്ക് ഇരയായത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയ മലാലയ്ക്ക്  നേരെ പാകിസ്താനില്‍ വെച്ച് താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

'2012 ഒക്ടോബറില്‍ താലിബാന്‍ ഭീകരര്‍ എന്റെ സ്‌കൂള്‍ ബസില്‍ അതിക്രമിച്ചുകയറി എനിക്ക് നേരെ വെടിയുതിര്‍ത്തു. പുരികം തുളച്ച് വെടിയുണ്ട അകത്തേക്ക് കയറി. തലയോട്ടിക്കും തലച്ചോറിനും ക്ഷതമുണ്ടാക്കി. മുഖത്തെ ഞരമ്പുകള്‍ക്ക് കേടുപാടുണ്ടാക്കി, എല്ലുകള്‍ തകര്‍ത്തു. ശരീരത്തില്‍ നിന്ന് വെടിയുണ്ട പുറത്തെടുത്ത ശസ്ത്രക്രിയയുടെ പാടുകള്‍ ഇപ്പോഴും എന്റെ പിന്നിലുണ്ട്. മലാല പോഡിയത്തില്‍ കുറിച്ചു. 

malala
താലിബാന്‍ ആക്രമണത്തിനിരയായ മലാലയെ ആശുപത്രിയിലേക്ക് മാറ്റുന്നു

ആക്രമണത്തിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് മലാലയ്ക്ക് ഓര്‍മയില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മലാല തന്റെ അടുത്ത സുഹൃത്തുമായി സംസാരിച്ചിരുന്നു. താലിബാന്‍ ആക്രമിച്ച ദിവസം മലാലയുടെ തൊട്ടടുത്ത് ഇരുന്നത് ഈ സുഹൃത്താണ്. അന്ന് താലിബാന്‍ ഭീകരനുതിര്‍ത്ത ഒരു വെടിയുണ്ട സുഹൃത്തിന്റെ കയ്യിലും മുറിവേല്‍പ്പിച്ചു. അന്നത്തെ സംഭവങ്ങളെക്കുറിച്ച് മലാല സുഹൃത്തിനോട് ചോദിച്ചു.

ഭീകരരെ കണ്ട അന്ന് ഞാന്‍ നിലവിളിച്ചോ? ഓടിപ്പോയോ? മലാല ചോദിച്ചു. ഇല്ലെന്നായിരുന്നു സുഹൃത്തിന്റെ മറുപടി.

'അന്ന് നീ നിശ്ചലമായി നിന്ന് താലിബാന്‍ ഭീകരരുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കുകയായിരുന്നു. എന്റെ കൈ നീ മുറുകെ പിടിച്ചു. ആ വേദന ദിവസങ്ങളോളം എനിക്കുണ്ടായി. വെടിയേറ്റതിനു പിന്നാലെ മുഖം പൊത്തി എന്റെ മടിയിലേക്ക് കുഴഞ്ഞുവീണു. ' സുഹൃത്ത് പറഞ്ഞതായി മലാല പോഡിയത്തില്‍ കുറിച്ചു.

ശരീരത്തില്‍ വെടിയേറ്റതിന്റെ പാടുകളുണ്ട്, ശസ്ത്രക്രിയയുടെ പാടുകളുണ്ട്. എന്നാലും അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് ഓര്‍മകളൊന്നുമില്ലെന്നാണ് മലാല പറയുന്നത്. എന്നാല്‍ എല്ലാത്തിനും സാക്ഷിയായി അടുത്തുണ്ടായിരുന്ന സുഹൃത്തിന് ആ ദിവസം പേടിസ്വപ്നമായി അവശേഷിക്കുകയാണ്.

വെടിയേറ്റതിനു പിന്നാലെ പെഷവാറില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ അടിയന്തര ഇടപെടലിലൂടെയാണ് മലാലയുടെ ജീവന്‍ രക്ഷിക്കാനായത്. തലച്ചോറിന്റെ സുരക്ഷ കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മലാലയുടെ തലയോട്ടിയുടെ ഒരുഭാഗം എടുത്തുമാറ്റി. എന്നാല്‍ പിന്നാലെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് ഉടന്‍ തന്നെ പെഷവാറില്‍ നിന്ന് മലാലയെ ഇസ്ലാമാബാദിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടണിലേക്കും മാറ്റി.

malala
മലാല സൂക്ഷിച്ചുവെച്ച തലയോട്ടിയുടെ കഷ്ണം

'കണ്ണു തുറന്നുനോക്കിയപ്പോള്‍ ചുറ്റും ആളുകള്‍. ഞാന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് മനസ്സിലായി. എന്നാല്‍ എവിടെയാണെന്നോ എന്ത് അവസ്ഥയിലാണെന്നോ മനസ്സിലായില്ല. എനിക്കും ചുറ്റിലും ഇംഗ്ലീഷ് സംസാരിക്കുന്ന അപരിചിതര്‍ മാത്രമായിരുന്നു.' മലാല ഓര്‍ത്തെടുത്തു.

കാഴ്ചക്കുറവും ശക്തമായ വേദനയും ദിവസങ്ങളോളം മലാലയെ വേട്ടയാടി. സംസാരിക്കാന്‍ കഴിയാത്തതിനാല്‍ പുസ്തകത്തില്‍ എഴുതി നല്‍കിയാണ് ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തിയിരുന്നത്. അങ്ങനെ ഒരുദിവസം നേഴ്സിനോട് ഒരു കണ്ണാടി ചോദിച്ചു. ആ കണ്ണാടിയില്‍ കണ്ടാണ് തന്റെ തലയുടെ ഒരു ഭാഗം ശൂന്യമാണെന്നും തനിക്ക് ഒരു വശം മാത്രമാണ് ചലിപ്പിക്കാന്‍ കഴിയുന്നതെന്നും മലാലയ്ക്ക് മനസ്സിലായത്. ഒരു ദിവസം വയറിനുള്ളില്‍ കട്ടിയുള്ള എന്തോ തടഞ്ഞുനില്‍ക്കുന്നത് പോലെ, ഡോക്ടര്‍മാരോട് ചോദിച്ചു. ശസ്ത്രക്രിയ ചെയ്ത് നീക്കിയ തലയോട്ടിയുടെ ഭാഗം സൂക്ഷിച്ചിരിക്കുന്നത് വയറിനുള്ളിലാണെന്നും അത് തിരിച്ചുവയ്ക്കാനായി മറ്റൊരു ശസ്ത്രക്രിയ ഉണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ അണുബാധയുടെ സാധ്യത കണക്കിലെടുത്ത് ടൈറ്റാനിയം പ്ലേറ്റ് ഉപയോഗിച്ചാണ് തലയോട്ടിയുടെ ഭാഗം അടച്ചത്.  യഥാര്‍ഥ തലയോട്ടിയുടെ ഭാഗം ഇപ്പോഴും മലാല സൂക്ഷിച്ചുവെച്ചിരിക്കുന്നു. 

രണ്ടാഴ്ച മുന്‍പ് അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേന പിന്മാറി തുടങ്ങിയപ്പോള്‍ മലാല തന്റെ ആറാമത്തെ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. ബോസ്റ്റണിലെ ആശുപത്രിയില്‍ രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുമ്പോള്‍ വന്ന വാര്‍ത്ത താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നായ കുണ്ഡൂസ് പിടിച്ചടക്കിയെന്നാണ്. 

malala

തുടര്‍ന്നുള്ള ദിവസങ്ങളില്‍, മലാല ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാര്‍ക്ക് കത്തുകള്‍ എഴുതി, നിരവധി ഫോണ്‍ കോളുകള്‍ ചെയ്തു, അഫ്ഗാനിസ്ഥാനില്‍ വനിതാ സാമൂഹ്യ പ്രവര്‍ത്തകരുമായി സംസാരിച്ചു. മലാലയുടെ ഇടപെടലിലൂടെ അവരില്‍ പലരേയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. 'ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു വെടിയുണ്ട നല്‍കിയ ആഘാതത്തില്‍ നിന്ന് താന്‍ കരകയറാന്‍ ശ്രമിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ കാലങ്ങളായി താലിബാന്റെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങുകയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.'

എല്ലാവരേയും രക്ഷിക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാം, ഒരു തരത്തിലുള്ള സഹായവും ലഭിക്കാത്തവര്‍ക്കൊപ്പമാണ് തന്റെ മനസ്സ്. ആരാലും അറിയപ്പെടാത്ത അവര്‍ക്കൊപ്പം, നിലവിളികള്‍ക്കും സഹായ അഭ്യര്‍ഥനകള്‍ക്കും മറുപടി ലഭിക്കാത്തവര്‍ക്ക് വേണ്ടി തന്റെ ഹൃദയം വേദനിക്കുന്നുവെന്ന് മലാല പോഡിയത്തില്‍ കുറിച്ചു.