അങ്കാറ: തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്തും ഗ്രീസിന്റെ ചിലഭാഗങ്ങളിലും വന്‍ ഭൂകമ്പം. തുര്‍ക്കിയില്‍ 14 പേര്‍ മരിച്ചു. 419 പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ഗ്രീസില്‍ രണ്ടുപേര്‍ മരിച്ചു. 15 ഉം 17 ഉം വയസുള്ള വിദ്യാര്‍ഥികളാണ് ഗ്രീസില്‍ മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഭൂകമ്പത്തെ തുടര്‍ന്ന് ഈജിയന്‍ കടലിലെ ദ്വീപായ സമോസില്‍ തീവ്രത കുറഞ്ഞ സുനാമി ഉണ്ടായതായും നിരവധി വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
ഏഴ് തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ പറയുന്നു. 6.6 തീവ്രതയുള്ള ഭൂചനം ഉണ്ടായെന്നാണ് തുര്‍ക്കി സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഏജന്‍സി വപറയുന്നത്. ഗ്രീസിലെ സീസ്‌മോളജിക്കല്‍ ഏജന്‍സി 6.7 തീവ്രത രേഖപ്പെടുത്തി. തുര്‍ക്കിയിലെ ഈജിയന്‍ തീരമേഖലയിലെ നഗരമായ ഇസ്മിറിലാണ് നാശനഷ്ടങ്ങള്‍ ഏറ്റവുമധികം ഉണ്ടായത്.
 
 
വലിയ കെട്ടിട സമുച്ചയം തകര്‍ന്നു വൂഴുന്നതിന്റെയും ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. 20 കെട്ടിടങ്ങള്‍ തകര്‍ന്നതായി ഇസ്മിര്‍ മേയര്‍ സിഎന്‍എന്നിനോട് പറഞ്ഞു. ഇസ്മിറിലെ കെട്ടിടങ്ങള്‍ക്കിടയിലൂടെ വെള്ളം ഒഴുകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈജിയന്‍ കടലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം.
turkey
പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: എ.പി
 
രാജ്യത്ത് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുമെന്നും ജനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്‍ ട്വീറ്റ് ചെയ്തു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് 70 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഗ്രീസില്‍ ഭൂകമ്പം അനുഭവപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തരായി വീടുവിട്ട് പുറത്തിറങ്ങി. നിരവധി കെട്ടിടങ്ങളാണ് ഭാഗികമായി തകര്‍ന്നത്. നിരവധി കെട്ടിടങ്ങളുടെ ഭിത്തികളില്‍ വിള്ളല്‍ വീണു.

തുര്‍ക്കിയില്‍ 1999 ല്‍ ഉണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17,000 പേര്‍ മരിച്ചിരുന്നു. ഇസ്താംബൂള്‍ നഗരത്തില്‍ മാത്രം ആയിരത്തിലധികം പേര്‍ മരിച്ചു. 2011 ല്‍ തെക്കു കിഴക്കന്‍ പ്രവിശ്യയായ വാനിലുണ്ടായ ഭൂകമ്പത്തില്‍ 600 പേര്‍ മരിച്ചു. ഗ്രീസില്‍ 2017 ല്‍ ഉണ്ടായ ഭൂചലനത്തില്‍ സമോസിന് സമീപമുള്ള കോസ് ദ്വീപില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.
 
Another tsunami footage from the earthquake in Izmir province of Turkey.

Content Highlights: major earthquake at Turkey- 4 dead, 120 injured