ലണ്ടന്‍: മഹാത്മാഗാന്ധിയുടേതെന്ന് കരുതപ്പെടുന്ന കണ്ണട ബ്രിട്ടണില്‍ ലേലത്തിന്. സ്വര്‍ണം പൂശിയ 'ഗാന്ധിക്കണ്ണട' 10,000-15,000 പൗണ്ടോളം(10 ലക്ഷം-14 ലക്ഷം രൂപ)ലേലത്തില്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. ഈ കണ്ണട ഗാന്ധിജി സമ്മാനമായി കൈമാറി എന്നാണ് കരുതപ്പെടുന്നത്. 

ഹാന്‍ഹാമിലെ ഈസ്റ്റ് ബ്രിസ്റ്റോള്‍ എന്ന ലേലക്കമ്പനിയ്ക്ക്  അവരുടെ ലെറ്റര്‍ബോക്‌സില്‍ കവറിലാക്കിയ നിലയിലാണ് കണ്ണട ലഭിച്ചത്. കണ്ണട കൈമാറിയ വ്യക്തി അതിന്റെ വില വ്യക്തമാക്കിയിരുന്നില്ല. പ്രത്യേകതകള്‍ തോന്നുന്നില്ലെങ്കില്‍ കണ്ണട ലേലത്തില്‍ വെയ്ക്കാതെ ഉപേക്ഷിക്കാനും അയാള്‍ ആവശ്യപ്പെട്ടതായി ഈസ്റ്റ് ബ്രിസ്റ്റോള്‍ കമ്പനിയിലെ ആന്‍ഡി സ്‌റ്റോവ് പറഞ്ഞു. 

കണ്ണടയുടെ സവിശേഷതയും പ്രാധാന്യവും മനസിലാക്കിയ ശേഷം പറഞ്ഞ തുക കേട്ട് കണ്ണട കൈമാറിയ ആള്‍ ശരിക്കും അദ്ഭുതപ്പെട്ടതായി ആന്‍ഡി സ്റ്റോവ് പറഞ്ഞു. ഓണ്‍ലൈനില്‍ 6,000 പൗണ്ട് വരെ കണ്ണടയ്ക്ക് ലേലത്തുക ലഭിച്ചിരുന്നു. കണ്ണട ലേലക്കമ്പനിയ്ക്ക് നല്‍കിയ ആളുടെ അച്ഛന്റെ അമ്മാവന് സമ്മാനമായി ലഭിച്ചതാണ് ഈ കണ്ണട. ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് പെട്രോളിയത്തില്‍ 1910-1930 വരെയുള്ള കാലഘട്ടത്തില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് ആ സമയത്താണ് കണ്ണട ലഭിച്ചത്. 

1910 കളിലോ 1920 കളുടെ ആദ്യമോ മഹാത്മാഗാന്ധി കണ്ണട ഉപയോഗിച്ചിരുന്നതായി അറിവില്ല. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ചെലവഴിച്ച കാലത്ത് അദ്ദേഹം ആദ്യഘട്ടത്തില്‍ ഉപയോഗിച്ച കണ്ണടയാവാമിതെന്നും കണ്ണടയ്ക്ക് ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണടയുടെ അതേ ആകൃതിയാണെന്നുള്ളതെന്നും ആന്‍ഡി സ്‌റ്റോവ് പറയുന്നു. ഏതെങ്കിലും സന്ദര്‍ഭത്തില്‍ അദ്ദേഹം സമ്മാനമായി കൈമാറിയതായിരിക്കും കണ്ണടയെന്നും ആന്‍ഡി സ്‌റ്റോവ് കൂട്ടിച്ചേര്‍ത്തു.

മഹാത്മാഗാന്ധിയുടെ കണ്ണട എന്ന് രേഖപ്പെടുത്തിയാണ് കണ്ണട ലേലത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 'ഗാന്ധിജിയുടെ രൂപസവിശേഷതകളില്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ വട്ടക്കണ്ണട. സ്വര്‍ണം പൂശിയ ഈ കണ്ണട ഗാന്ധിജി ഒരു പക്ഷേ അദ്ദേഹത്തെ സഹായിച്ച വ്യക്തിയ്ക്ക് ഉപയോഗിക്കാന്‍ നല്‍കിയതാവണം. അസാധാരണവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ കണ്ണട' ലേലക്കുറിപ്പില്‍ പറയുന്നു. ഉപകാരസ്മരണയ്ക്കായി തന്റെ അമ്മാവന് ഗാന്ധിജി നല്‍കിയതാണ് കണ്ണടയെന്ന് ഉടമസ്ഥന്റെ വിശദീകരണവും ലേലക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

content highlights: Mahatma Gandhi's Gold-Plated Glasses To Be Auctioned In UK