ലക്‌സംബര്‍ഗ്: കഞ്ചാവ് വളര്‍ത്തുന്നതും ഉപയോഗിക്കുന്നതും നിയമവിധേയമാക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാകാനൊരുങ്ങി ലക്‌സംബര്‍ഗ്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പ്രസ്താവനയിറക്കിയത്.

പുതിയ നിയമപ്രകാരം ലക്‌സംബര്‍ഗിലെ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കഞ്ചാവ് ഉപയോഗിക്കാനും ഓരോ വീട്ടിലും നാല് ചെടികള്‍ വരെ വളര്‍ത്താനും അനുവാദമുണ്ടായിരിക്കും. ഇതോടെ കഞ്ചാവിന്റെ ഉല്‍പാദനവും ഉപഭോഗവും പൂര്‍ണ്ണമായും നിയമവിധേയമാക്കുന്ന യൂറോപ്പിലെ ആദ്യത്തെ രാജ്യമായി ലക്‌സംബര്‍ഗ് മാറും. കഞ്ചാവിന്റെ വിത്ത് വ്യാപാരം നടത്താനും അനുവാദമുണ്ട്. എന്നിരുന്നാലും പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായി തന്നെ തുടരും.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കരിഞ്ചന്ത വഴിയുള്ള മയക്കുമരുന്ന് വ്യാപാരവും തടയാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇത്തരമൊരു നയം മാറ്റത്തിന് പിന്നില്‍. നിലവില്‍ നിയമവിരുദ്ധമായ കഞ്ചാവ് വിപണി ഈ നിയമത്തിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

ആറ് ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമാണ് ലക്‌സംബര്‍ഗ്. പുതിയ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഖ്യത്തിന്റെ പിന്തുണയുണ്ട്. എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് പാര്‍ലമെന്റില്‍ വോട്ട് ചെയത് പാസാക്കേണ്ടതുണ്ട്.

Content Highlights: Luxembourg all set to become the first country to legalise cannabis