വാഷിങ്ടണ്‍: ന്യൂജഴ്സിക്കാരന്‍ റോബര്‍ട്ട് സ്റ്റുവര്‍ട്ടിനെ ഒരു ദിവസം ഭാഗ്യം തുണച്ചത് ഒന്നും രണ്ടുമല്ല മൂന്നു തവണ. കാര്‍ഡ് സ്‌ക്രാച്ച് ചെയ്ത് ഭാഗ്യം പരീക്ഷിച്ചതു വഴി സ്റ്റുവര്‍ട്ടിന് കൈവന്നത് അഞ്ചു മില്യണ്‍ (50 ലക്ഷം) ഡോളര്‍.

ഓഗസ്റ്റ് മാസത്തിലാണ് സ്റ്റുവര്‍ട്ടിന് ലോട്ടറിയടിച്ചത്. ആദ്യമെടുത്ത ലോട്ടറിക്ക് അഞ്ച് ലക്ഷം ഡോളര്‍ ലഭിച്ചവിവരം അറിഞ്ഞയുടന്‍ അദ്ദേഹം സമീപത്തുള്ള കടയിലെത്തി രണ്ടു ലോട്ടറി കാര്‍ഡുകള്‍ കൂടി വാങ്ങുകയായിരുന്നു. രണ്ടു കാര്‍ഡുകള്‍ക്കും യഥാക്രമം 500, 100 ഡോളര്‍ സമ്മാനം ലഭിച്ചു.

ഒരു ദിവസംതന്നെ സ്റ്റുവര്‍ട്ടിനെ ഭാഗ്യദേവത മൂന്നുതവണ കടാക്ഷിച്ച വിവരം അധികമാരും അറിഞ്ഞിരുന്നില്ല. ഓഗസ്റ്റ് രണ്ടിനാണ് സംഭവമെങ്കിലും ന്യൂജഴ്സി ലോട്ടറി വകുപ്പ് ഈ വാര്‍ത്ത ഇപ്പോഴാണ് പരസ്യപ്പെടുത്തിയത്. ഇതിനു മുന്‍പ് സ്റ്റുവര്‍ട്ടിന് ലോട്ടറിയിലൂടെ ലഭിച്ച ഏറ്റവും വലിയ തുക 2500 ഡോളറായിരുന്നു. ലോട്ടറിയിലൂടെ ലഭിച്ച തുക കൊണ്ട് സുഹൃത്തുക്കളെയും കുടുംബത്തേയും സഹായിക്കാനൊരുങ്ങുകയാണ് പൈല്‍ ഡ്രൈവറായിരുന്ന സ്റ്റുവര്‍ട്ട്.

അദ്ദേഹത്തിന് മാത്രമല്ല മുമ്പ് മറ്റൊരാള്‍ക്കും ഇത്തരത്തില്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. സിഡ്‌നിയിലുള്ള വ്യക്തിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ കാര്‍ഡ് ലോട്ടറിയിലൂടെ കിട്ടിയത് രണ്ടു മില്യണ്‍ (20 ലക്ഷം) ഡോളറാണ്.