വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം സ്റ്റേഡിയത്തില്‍ ഏറ്റവും ഉയര്‍ന്നു കേട്ടത് നൊവാക് ദ്യോകോവിന്റേയോ ആന്‍ഡി മുറേയുടേയോ ആരാധകര്‍ അവര്‍ക്കായി ഉയര്‍ത്തിയ കയ്യടികളുടേയോ ആര്‍പ്പുവിളികളുടേയോ ശബ്ദമായിരുന്നില്ല. ലോകത്തിന് വേണ്ടി ഏറ്റവും മികച്ച 'ഡിഫന്‍ഡിങ് മൂവ്' നടത്തിയ വ്യക്തികള്‍ക്ക് വേണ്ടിയായിരുന്നു ഗാലറിയിലിരുന്നവരുടെ കയ്യടികള്‍. പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ടും മറ്റു കോവിഡ് മുന്നണിപോരാളികളും നല്‍കിയ സംഭാവന ടെന്നീസ് കോര്‍ട്ടിലെ ഏതൊരു തീപ്പൊരി ഏയ്‌സുകള്‍ക്കും ഷോട്ടുകള്‍ക്കും മുകളിലാണ്. അതിനാലാണ്‌ അവരോടുള്ള നന്ദിയും ആദരവും കയ്യടികളായി ആ നിമിഷങ്ങളില്‍ സ്റ്റേഡിയത്തില്‍ ഉയര്‍ന്നത്. 

കോവിഡിനെതിരെയുള്ള ഓക്‌സ്‌ഫോഡ്-ആസ്ട്രസെനക വാക്‌സിന്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഫ്രൊഫസര്‍ സാറ ഗിര്‍ബര്‍ട്ടും ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ മറ്റ് ജീവനക്കാരും സെന്റര്‍ കോര്‍ട്ടിലെ റോയല്‍ ബോക്‌സില്‍ പ്രത്യേക ക്ഷണിതാക്കളായി സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ഇത്തവണത്തെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് സാധ്യമാക്കുകയും ചെയ്ത വിശിഷ്ട വ്യക്തികളും മറ്റു സ്ഥാപനങ്ങളുടെ പ്രതിനിധികളും ഓരോ ദിവസവും അതിഥികളായി എത്തുമെന്ന അറിയിപ്പ് ആദ്യം സ്റ്റേഡിയത്തില്‍ ഉയര്‍ന്നു, പിന്നാലെ കയ്യടികളും.

കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ദൗത്യത്തിന്‌ നേതൃത്വം നല്‍കിയവര്‍ ഇന്നിവിടെയുണ്ട് എന്ന് അനൗണ്‍സര്‍ പറഞ്ഞു കഴിയുമ്പോഴേക്കും കാണികള്‍ കയ്യടികളോടെ ഇരിപ്പിടങ്ങളില്‍ നിന്നെണീറ്റ് ആദരവും ആഹ്‌ളാദവും പ്രകടിപ്പിച്ചു. റോയല്‍ ബോക്‌സില്‍ ഇരിക്കുകയായിരുന്ന പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ടിന്റെ ചുണ്ടില്‍ പുഞ്ചിരി വിടരുന്നത് വിംബിള്‍ഡണിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഷെയര്‍ ചെയ്ത വീഡിയോയില്‍ കാണാം. 

കോവിഡ് പോരാട്ടത്തില്‍ പങ്കാളിയാവുകയും പിന്നീട് കോവിഡിന് മുന്നില്‍ കീഴടങ്ങുകയും ചെയ്ത ക്യാപ്റ്റന്‍ സര്‍ തോമസ് മൂറിനുള്ള ആദരാഞ്ജലികളും അര്‍പ്പിക്കുകയുണ്ടായി. രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തിനായി 33 ദശലക്ഷം പൗണ്ടാണ് സര്‍ തോമസ് മൂര്‍ സമാഹരിച്ച് നല്‍കിയത്. ഫെബ്രുവരിയില്‍ അദ്ദേഹം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. അദ്ദേഹത്തിന്റെ മകള്‍ അവിടെയെത്തിയിട്ടുണ്ടെന്ന അനൗണ്‍സ്‌മെന്റ് കേട്ടതോടെ വീണ്ടും സ്‌റ്റേഡിയത്തില്‍ കയ്യടികള്‍ ഉയര്‍ന്നു. 

 

 

Content Highlight: Loud Cheers For Scientist Who Designed Oxford Vaccine And Other Covid Warriors  At Wimbledon