ബാങ്കോക്ക്: 8.44 കോടി രൂപയുടെ (9.50 ലക്ഷം യൂറോ) ജാക്ക്പോട്ട് ലോട്ടറി അടിച്ച നാല്‍പ്പത്തിരണ്ടുകാരന്‍ ആത്മഹത്യ ചെയ്തു. കിഴക്കന്‍ തായ്ലാന്‍ഡിലെ ചോന്‍ബുരിയിലാണ് സംഭവം.

തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മദ്യസത്കാരം നടത്തിയ ശേഷമായിരുന്നു ആത്മഹത്യ. പാര്‍ട്ടി നടത്തിയ ശേഷം ടിക്കറ്റ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടയുടനെ ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

9,50000 യൂറോയുടെ ജാക്ക്‌പോട്ട് ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ജിറാവുത്ത് പോങ്ഫാന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നിശാ പാര്‍ട്ടി നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി കഴിഞ്ഞ് പിറ്റേ ദിവസം ഉറക്കമുണര്‍ന്നപ്പോഴാണ് ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ട വിവരം പോങ്ഫാന്‍ അറിയുന്നത്.

ഭാഗ്യനമ്പറുകളില്‍ എട്ടും പൊരുത്തപ്പെട്ടപ്പോള്‍ തന്റെ ജീവിതം തന്നെ മാറിമറിയുകയാണെന്ന സന്തോഷത്തിലായിരുന്നു പോങ്ഫാന്‍. എന്നാല്‍ പാര്‍ട്ടി കഴിഞ്ഞതും ടിക്കറ്റ് നഷ്ടപ്പെട്ടതോടെ തുകയുടെ അവകാശവാദം ഉന്നയിക്കാന്‍ കഴിയാത്ത അവസ്ഥയിലായി ഇദ്ദേഹം. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു.

തനിക്ക് ജാക്ക്‌പോട്ട് ലഭിച്ചുവെന്നത് സത്യമാണെന്നും അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ആരും പരിഹസിക്കരുതെന്നും പോങ്ഫാന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.