ലണ്ടന്‍: കടല്‍ത്തീരത്തു വച്ച് നഷ്ടപ്പെട്ട ക്യാമറ രണ്ടുമാസം കൊണ്ട് എണ്ണൂറിലധികം കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിച്ച് പത്തുവയസ്സുകാരനായ ഉടമയുടെ പക്കല്‍ തിരികെയത്താന്‍ പോവുകയാണ്. യു കെയിലെ കിഴക്കന്‍ യോക്ക്‌ഷെയറിലെ ഹള്‍ തീരനഗര സ്വദേശിയായ വില്യത്തിനാണ് കൈവിട്ടുപോയ ക്യാമറ തിരികെ കിട്ടാന്‍ പോകുന്നത്.

ദ ഗാര്‍ഡിയനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌. യോക്ക്‌ഷൈറിലെ തോണ്‍വിക്ക് ബീച്ചില്‍വച്ച് സെപ്റ്റംബര്‍ ഒന്നിനാണ് വില്യത്തിന്റെ പക്കല്‍നിന്ന് ക്യാമറ തിരയില്‍പ്പെട്ടു പോയത്. വാട്ടര്‍ പ്രൂഫായ ക്യാമറ കടലിലൂടെയുള്ള യാത്രയുടെ വിവരങ്ങള്‍ റെക്കോഡ് ചെയ്യുന്നുമുണ്ടായിരുന്നു.

രണ്ടുമാസം കടലിലൂടെ സഞ്ചരിച്ച ക്യാമറ വാഡന്‍ കടലിലെ ജര്‍മന്‍ ദ്വീപിന്റെ തീരത്തടിഞ്ഞു. നീല്‍ വ്രീ, ഹോള്‍ഗര്‍ സ്പ്രീര്‍ എന്നിങ്ങനെ രണ്ട് കോസ്റ്റല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായിരുന്നു ഈ ദ്വീപിലുണ്ടായിരുന്നത്. ഇവര്‍ ക്യാമറ കണ്ടെടുക്കുകയും റെക്കോഡ് ചെയ്ത ദൃശ്യങ്ങള്‍ Hallig Süderoog എന്ന ഫെയ്‌സ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു.

യഥാര്‍ഥ അവകാശിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയും നടത്തി. അങ്ങനെ പന്ത്രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ നീലും ഹോള്‍ഗറും ക്യാമറയുടെ ഉടമസ്ഥനെ കണ്ടെത്തിയതായി അറിയിച്ചു. തന്റെ പത്തുവയസ്സുകാരന്‍ മകന്‍ വില്യമിന്റെ ക്യാമറയാണ് അതെന്ന് ഒരു അച്ഛന്റെ സന്ദേശമെത്തിയെന്ന് നീലും ഹോള്‍ഗറും അറിയിച്ചു.

ക്യാമറയിലെ ദൃശ്യങ്ങളില്‍ കണ്ട വില്യത്തിന്റെ  മറ്റൊരു ചിത്രവും സന്ദേശത്തിനൊപ്പമുണ്ടായിരുന്നു. തോണ്‍വിക്ക് ബീച്ചില്‍ വച്ചാണ് വില്യത്തിന്റെ ക്യാമറ നഷ്ടമായതെന്നും അച്ഛന്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. 2016 ലെ ക്രിസ്മസിനാണ് വില്യത്തിന് അച്ഛന്‍ എസ് ജെ സി എ എം ആക്ഷന്‍ ക്യാമറ  സമ്മാനിച്ചത്. 

കിഴക്കന്‍ യോക്ക്‌ഷെയറിലെ ഹള്‍ തീരനഗരത്തിലാണ് വില്യത്തിന്റെയും കുടുംബത്തിന്റെയും താമസം. ക്യാമറ വില്യത്തിന് നേരിട്ടു നല്‍കുക എന്ന ലക്ഷ്യത്തോടെ വില്യത്തെയും കുടുംബത്തെയും നീലും ഹോള്‍ഗറും സുഡ്‌റൂഗിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വില്യത്തിന്റെ അച്ഛന്‍ തങ്ങളുടെ ക്ഷണം സ്വീകരിച്ചതായി നീലും ഹോള്‍ഗറും അറിയിച്ചു.

content highlights: lost camera returns lost camera returns to 10 year old owner after 500 mile journey