പ്രതീകാത്മകചിത്രം | ചിത്രം: മാതൃഭൂമി
പെഷവാര്‍: 1,300 വര്‍ഷം മുമ്പ് നിര്‍മിച്ചതായി കരുതുന്ന പുരാതന ക്ഷേത്രം പാകിസ്താനില്‍ കണ്ടെത്തി. വടക്കു കിഴക്ക് പാകിസ്താനിലെ സ്വാത് ജില്ലയില്‍ പാക്-ഇറ്റാലിയന്‍ പുരാവസ്തുഗവേഷകര്‍ സംയുക്തമായി നടത്തി വന്ന പര്യവേക്ഷണത്തിനിടെയാണ് ക്ഷേത്രം കണ്ടെത്തിയത്.
വിഷ്ണുക്ഷേത്രമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഖൈബര്‍ പഖ്തുംഖ്വ പുരാവസ്തു വകുപ്പുദ്യോഗസ്ഥനായ ഫസ്ലെ ഖാലിഖ് വ്യാഴാഴ്ച അറിയിച്ചു. ഷാഹി സാമ്രാജ്യകാലത്ത് പണി കഴിപ്പിച്ചതാണ് ക്ഷേത്രം.
850-1026 സി.ഇ. കാലഘട്ടത്തിലെ സാമ്രാജ്യമാണ് ഹിന്ദു ഷാഹി അഥവാ കാബൂള്‍ ഷാഹി. ഷാഹി സാമ്രാജ്യം കാബൂള്‍ താഴ് വര (കിഴക്കന്‍ അഫ്ഗാനിസ്ഥാന്), ഗാന്ധാരം( ഇന്നത്തെ പാകിസ്താന്-അഫ്ഗാനിസ്ഥാന്), ആധുനിക വടക്ക്പടിഞ്ഞാറന്‍ ഇന്ത്യ എന്നിവടങ്ങളില്‍ വ്യാപിച്ച് കിടന്നിരുന്നു.
ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തിന് സമീപം സൈനികപ്പാളയങ്ങളുടേയും കാവല്‍ ഗോപുരങ്ങളുടേയും അവശേഷിപ്പുകള്‍ കണ്ടെടുത്തു. കൂടാതെ വലിയ ജലസംഭരണിയും ഇവിടെ കണ്ടെത്തി.
ആയിരക്കണക്കിന് കൊല്ലം പഴക്കമുള്ള പുരാവസ്തുക്കളുടെ വന്‍ശേഖരം സ്വാതിലുണ്ടെന്ന് ഫസ്ലെ ഖാലിഖ് പറഞ്ഞു. ഹിന്ദു ഷാഹി സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ഈ ഭാഗത്തുനിന്ന് ആദ്യമായാണ് കണ്ടെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധാര സംസ്കാരത്തിന്റെ ഭാഗമായ ആദ്യത്തെ ക്ഷേത്രമാണ് സ്വാതില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഇറ്റാലിയന്‍ പുരാവസ്തുസംഘത്തിലെ ജോക്ടര്‍ ലൂക്ക പറഞ്ഞു. ബുദ്ധമത വിശ്വാസകേന്ദ്രങ്ങളുടെ ശേഷിപ്പുകള്‍ സ്വാതില്‍നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
Content Highllights: Lord Vishnu's 1,300-Year-Old Temple Discovered In Pakistan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..