വാഷിങ്ടൺ: കോവിഡ് 19 മഹാമാരി ഇന്ത്യയെ തകർത്തുകളഞ്ഞുവെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഗോളതലത്തിൽ കോവിഡ് 19 വ്യാപനത്തിന് ഉത്തരവാദികളായ ചൈന യുഎസിന് 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലോകത്തിന് നഷ്ടപരിഹാരമായി ചൈന നൽകേണ്ടത് ഇതിൽ കൂടുതലാണ്. എന്നാൽ ഇത്രയേ അവർക്ക് നൽകാനാവൂ. നോക്കൂ, അവർ ചെയ്ത കാര്യങ്ങൾ വിവിധ രാജ്യങ്ങളെ നശിപ്പിച്ചു. ഞാൻ അത് ആകസ്മികമായി സംഭവിച്ചതാണെന്ന് പ്രതീക്ഷിക്കുന്നു.' ട്രംപ് പറയുന്നു.

'ആക്സ്മികമാണെങ്കിലും അല്ലെങ്കിലും കോവിഡ് 19 തകർത്ത രാജ്യങ്ങൾ ഒരിക്കലും പഴയതുപോലെയാകില്ല. നമ്മുടെ രാജ്യത്തെ വളരെ മോശമായാണ് കോവിഡ് ബാധിച്ചത്. എന്നാൽ മറ്റുരാജ്യങ്ങളെ അതിലേറെ മോശമായാണ് കോവിഡ് ബാധിച്ചത്. ഇന്ത്യയിൽ എന്താണ് നടക്കുന്നത് നോക്കൂ. നിങ്ങൾക്കറിയാമോ അവർ എല്ലായ്‌പ്പോഴും പറയാറുണ്ടായിരുന്നു ഇന്ത്യ എത്ര നന്നായാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് നോക്കൂവെന്ന് കാരണം അവർക്ക് ഒഴിവുകഴിവുകൾ വേണമായിരുന്നു. എന്നാൽ ഇന്ത്യ ഇപ്പോൾ തകർന്നുപോയിരിക്കുകയാണ്, എല്ലാ രാജ്യങ്ങളും തകർന്നടിഞ്ഞിരിക്കുകയാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു

ഇക്കാരണങ്ങൾ കൊണ്ടാണ് വൈറസ് എവിടെ നിന്നാണ് വന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ച് കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. തനിക്കതറിയാം എന്നും കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് വേഗത്തിൽ മടങ്ങിവരുന്ന രണ്ട് സാമ്പത്തിക ശക്തികളിലൊന്നായ ചൈന തീർച്ചയായും സഹായഹസ്തം നീട്ടേണ്ടതുണ്ടെന്നും ട്രംപ് ആവശ്യപ്പെട്ടു.

2019-ൽ ചൈനയിലെ വുഹാനിലാണ് കൊറോണ ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. വുഹാനിലെ ലാബിൽ നിന്ന് ചോർന്നതാണ് വൈറസ് എന്ന് ആരംഭഘട്ടത്തിൽ തന്നെ ട്രംപ് ആരോപിച്ചിരുന്നു.

Content Highlights: look, what is going on India; India has been devastated by Covid 19 says Donald Trump