ഇസ്ലാമബാദ്: കൊറോണ വൈറസ് തങ്ങളെ ബാധിക്കില്ലെന്ന് കരുതേണ്ടതില്ലെന്നും  പണക്കാരായ ആളുകള്‍ താമസിക്കുന്ന ന്യൂയോര്‍ക്കിലേക്ക് നോക്കിയാല്‍ അക്കാര്യം ബോധ്യമാവുമെന്നും സ്വന്തം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

"കൊറോണ വൈറസില്‍ നിന്ന് നിങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന മിഥ്യാബോധമൊന്നും ആരും പുലര്‍ത്തേണ്ട. പണക്കാരായ ആളുകള്‍ താമസിക്കുന്ന ന്യൂയോര്‍ക്കിലേക്കൊന്നു നോക്കൂ", ഇമ്രാന്‍ ഖാന്‍ ശനിയാഴ്ച പറഞ്ഞു.

ലാഹോറില്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നേരിട്ടു കാണാനെത്തിയതായിരുന്നു ഇമ്രാന്‍ഖാന്‍. പഞ്ചാബില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് ഇമ്രാന്‍ഖാന്റെ സന്ദര്‍ശനം. ആയിരം കിടക്കസൗകര്യങ്ങള്‍ കോവിഡ് രോഗികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇതുവരെ 2818 കേസുകളാണ് പാകിസ്താനില്‍ സ്ഥിരീകരിച്ചത്.41 പേര്‍ പാകിസ്താനില്‍ ഇതുവരെ കോവിഡ് ബാധിതരായി മരിച്ചിട്ടുണ്ട്. 

1072 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചാബ് പാകിസ്താനിലെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നാണ്. സിന്ധ്-839, ഖൈബര്‍ പഖ്തുന്‍ഖ്വ-383, ബലോച്ചിസ്താന്‍-175, ബാലിസ്താന്‍-193, ഇസ്ലാമബാദ്-75, എന്നിങ്ങനെ പോകുന്നു മറ്റിടങ്ങളിലെ കൊറോണ കേസുകള്‍.

ഈ മാസം അവസാനമാകുമ്പോള്‍ പാകിസാനില്‍ രോഗികളുടെ എണ്ണം 50,000 ആകുമെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

content highlights: Look at New York where most of the rich people live, Pakistan On Corona