ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിലെ തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരന്‍ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സംശയം. പാകിസ്താനില്‍ ജനിച്ച ബ്രിട്ടീഷ് പൗരനായ ഖുരാം ഷഹസാദ് ബട്ട്, വിംബിള്‍ഡന്‍ അടക്കമുള്ളവയ്ക്ക് ജീവനക്കാരെ നല്‍കുന്ന കമ്പനിയില്‍ ജീവനക്കാരനാകാന്‍ ശ്രമം നടത്തിയതായി വ്യക്തമായി.

Khuram Shehzad Butt
ഖുരാം ഷഹസാദ് ബട്ട്

സുരക്ഷാ ജീവനക്കാരെ തിരഞ്ഞെടുക്കാനായി കമ്പനി നടത്തി മുഖാമുഖത്തില്‍ ഇയാള്‍ പങ്കെടുത്തതതിന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. വിംബിള്‍ഡണ്‍, പ്രീമിയര്‍ ലീഗ് തുടങ്ങിയ അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് സുരക്ഷാ ജീവനക്കാരെ ലഭ്യമാക്കുന്ന കമ്പനിയാണിത്. ഈ പ്രത്യേക കമ്പനിയില്‍ പ്രവേശനം നേടാന്‍ ശ്രമിച്ചതിനു പിന്നിലെ ഉദ്ദേശ്യമെന്തായിരുന്നു എന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. 

മുഖാമുഖത്തില്‍ പങ്കെടുക്കുത്ത ഇയാളടെ പശ്ചാത്തല അന്വേഷണം കമ്പനി നടത്തിയിരുന്നെങ്കിലും ഇയാളുടെ തീവ്രവാദി ബന്ധം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആ നിലയ്ക്ക് ഇയാള്‍ക്ക് സ്ഥാപനത്തില്‍ ജോലി ലഭിക്കുമായിരുന്നു. എന്നാല്‍, പിന്നീട് മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം പദ്ധതിയില്‍ മാറ്റം വരുത്തുകയും ലണ്ടണ്‍ ബ്രഡ്ജിലെ ആക്രമണത്തിന് പദ്ധതിയിടുകയും ചെയ്തതോടെയായിരിക്കണം ഇത് ഉപേക്ഷിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ മുന്‍പ് ആറു മാസത്തോളം ലണ്ടനിലെ ഒരു സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

മറ്റു രണ്ടുപേര്‍ക്കൊപ്പം ട്രക്ക് ഓടിച്ചുകയറ്റി ലണ്ടന്‍ ബ്രിഡ്ജില്‍ എട്ടുപേരെ കൊലപ്പെടുത്തിയ സംഭവം ഖുരാം ഷഹസാദ് ബട്ടാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഇയാളടക്കം മൂന്നുപേരെയും പോലീസ് സംഭവസ്ഥലത്തുവെച്ചുതന്നെ വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.