സുനാകിനുമേല്‍ ട്രസിന് മേല്‍ക്കൈ നല്‍കിയ പ്രഖ്യാപനം; പുറത്തേക്ക് വഴിതുറന്നതും അതേ സാമ്പത്തികനയം


നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നയത്തിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനമായിരുന്ന ലിസ് ട്രസിന് കേള്‍ക്കേണ്ടിവന്നത്

Rishi Sunak with Liz Truss | Photo: AP

കോവിഡ് ചട്ടങ്ങള്‍ മറികടന്ന് മദ്യസല്‍ക്കാരമടക്കം ആഘോഷങ്ങള്‍ നടത്തിയതും കടുത്ത സാമ്പത്തിക പ്രതിസന്ധയിലേക്ക് രാജ്യം വീണപ്പോള്‍ രക്ഷിച്ചെടുക്കാന്‍ കഴിയാത്തതുമായിരുന്ന ബോറിസ് ജോണ്‍സണ് സ്വന്തം പാര്‍ട്ടിയില്‍ തന്നെ പിന്തുണ നഷ്ടപ്പെടാന്‍ കാരണമായത്. ഇപ്പോള്‍, രാജ്യം എത്തിച്ചർന്നിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാകാതെ പരാജയം സമ്മതിച്ചാണ്, സ്ഥാനമേറ്റെടുത്ത് 45-ാം ദിവസം ലിസ് ട്രസും രാജിവെക്കുന്നത്. സെപ്റ്റംബര്‍ ആറിന് ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ലിസ് ട്രസ്, സർക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് രാജിവെക്കുന്നത്. 2024 ഡിസംബര്‍ 17 വരെ കാലാവധി ഉണ്ടായിരിക്കെയാണ് അകാലത്തിലുള്ള ഈ രാജി.

മൂല്യമിടിഞ്ഞ കറന്‍സി, ബജറ്റ്, ധനമന്ത്രിയുടെ രാജിനികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നയത്തിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനമായിരുന്ന ലിസ് ട്രസിന് നേരിടേണ്ടിവന്നത്. അന്നത്തെ ധനമന്ത്രിയായിരുന്ന ക്വാര്‍ട്ടെങ് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ നികുതികള്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു. മറ്റു വരുമാന സ്രോതസില്ലാതെ നികുതി കുറച്ചതോടെ ബ്രിട്ടീഷ് കറന്‍സിയായ പൗണ്ട് സ്റ്റെര്‍ലിങ്ങിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. നാല്‍പതുവര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റം നേരിടുന്ന ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ നയം കൂനിന്മേല്‍കുരുവായി. പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ സ്വന്തം പ്രധാനമന്ത്രിപദം സംരക്ഷിക്കാന്‍ ക്വാര്‍ട്ടിങ്ങിന്റെ രാജി എഴുതിവാങ്ങി ട്രസ്. ക്വാര്‍ട്ടിങ്ങിനുപകരം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ജെറെമി ഹണ്ടിനെയാണ് ട്രസ് ധനമന്ത്രിയായി പരീക്ഷിച്ചത്.

സ്ഥാനമേറ്റെടുത്തതിന് പിന്നാലെ നികുതി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഹണ്ട് പിന്‍വലിച്ചു. സാധാരണ ഊര്‍ജ്ജാവശ്യങ്ങള്‍ക്കുള്ള ചെലവുകുറയ്ക്കല്‍ പദ്ധതിയും പിന്‍വലിച്ചു. മദ്യത്തിനുള്ള നികുതി മരവിപ്പിച്ചതും വിദേശികള്‍ക്ക് നികുതിയില്ലാതെ ഷോപ്പിങ് അനുവദിച്ചതും ഷെയര്‍ ഹോള്‍ഡര്‍മാരുടെ ലാഭവിഹിത നികുതി വെട്ടിക്കുറച്ചതുമടക്കം ക്വാര്‍ട്ടെങ് കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ഹണ്ട് പിന്‍വലിച്ചു. ഇതിന് പിന്നാലെ, പ്രധാനമന്ത്രി സ്ഥാനത്തിന് യഥാര്‍ഥത്തില്‍ യോഗ്യന്‍ ജെറെമി ഹണ്ടാണെന്ന വാദവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു എം.പി. തന്നെ രംഗത്തെത്തി.

വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയ പുത്തന്‍ സാമ്പത്തിക നയമാണ് രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്ന് ഏറ്റുപറഞ്ഞ ലിസ് ട്രസ് മാപ്പു ചോദിച്ചു. നയം സൃഷ്ടിച്ചത് ആഴത്തിലുള്ള പരിണിത ഫലമാണെന്നും താന്‍ ആഗ്രഹിച്ചത് രാജ്യത്തിന്റെ നന്മമാത്രമാണെന്നും ലിസ് ട്രസ് പറഞ്ഞു. തുടര്‍ന്ന് സംശയമേതുമില്ലാതെ അവര്‍ ഒരുകാര്യം കൂടി കൂട്ടിച്ചേര്‍ത്തു, 'എന്തുപറഞ്ഞാലും നേതൃസ്ഥാനത്ത് തുടരും'. താന്‍ എവിടെയും പോകില്ലെന്ന് പറഞ്ഞ ലിസ് ട്രസ് അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നും വ്യക്തമാക്കി.

മേല്‍ക്കൈ നല്‍കി പ്രഖ്യാപനം, പറ്റില്ലെന്ന് സുനാക്

ബോറിസ് ജോണ്‍സണിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനും ബോറിസ് മന്ത്രിസഭയിലെ ധനകാര്യമന്ത്രിയുമായിരുന്ന ഋഷി സുനാകിനു മേല്‍ പ്രചാരണത്തില്‍ മേല്‍ക്കൈ നേടാന്‍ ലിസ് ട്രസിനെ സഹായിച്ചത് നികുതി വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനമായിരുന്നു. പ്രതിവര്‍ഷം 3,000 കോടി യൂറോയുടെ നികുതിയിളവായിരുന്നു അവര്‍ പ്രഖ്യാപിച്ചത്. ഊര്‍ജത്തിന് ഈടാക്കുന്ന ഹരിതനികുതി നിര്‍ത്തലാക്കുമെന്ന് വാഗ്ദാനംചെയ്തു. കോര്‍പ്പറേറ്റ് നികുതി കൂട്ടാനുള്ള തീരുമാനം പിന്‍വലിക്കുമെന്നും ഉറപ്പുനല്‍കി.

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ നികുതി കുറയ്ക്കാന്‍ സാധിക്കില്ലെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ പറഞ്ഞ സുനാക് പ്രചാരണത്തില്‍ പിന്തള്ളപ്പെട്ടു. രാജ്യം നേരിടുന്ന വിലക്കയറ്റം പരിഹരിച്ചശേഷമേ നികുതിയളവിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയൂവെന്ന് അന്ന് സുനാക് നിലപാടെടുത്തു. പക്ഷെ, പ്രചാരണത്തില്‍ തന്നേക്കാള്‍ ഏറെ മുന്നില്‍ ലിസ് ട്രസ് എത്തിയതുകണ്ട സുനാക് താന്‍ പറഞ്ഞത് അപ്പാടെ വിഴുങ്ങി.

വെല്ലുവിളിക്കാലത്തെ നേതൃത്വം, നേരിടാനാവാതെ രാജി

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവന്നതോടെയുണ്ടായ സാമ്പത്തിക അഘാതം ബ്രിട്ടന് നേരിടാന്‍ സാധിച്ചില്ല. ഇതോടെ ആറുവര്‍ഷത്തിനിടെ നാലുപ്രധാനമന്ത്രിമാരാണ് ബ്രിട്ടനെ ഭരിച്ചത്. കോവിഡും റഷ്യ- യുക്രൈന്‍ യുദ്ധവും ബ്രിട്ടന്റെ സാമ്പത്തികനില കൂടുതല്‍ പരുങ്ങലിലാക്കി. സാധാരണക്കാരുടെ പ്രയാസങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം തിരിച്ചടിച്ചു.

പാര്‍ട്ടിയിലെ വിഭാഗീയതയും ലിസ് ട്രസിന് നേരിടേണ്ടിവന്നിരുന്നു. തുടര്‍ച്ചയായ നേതൃമാറ്റങ്ങളും വിഭാഗീയതയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ വലിയ തലവേദനയായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളില്‍ പോലും പാര്‍ട്ടിക്ക് പരാജയം നേരിടേണ്ടിവന്നു. മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ സുനകിന്റെ വിശ്വസ്തരെ തഴഞ്ഞതും പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞുനിന്നു.

വിശേഷണങ്ങള്‍ ഏറെ

മാര്‍ഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്‍ പ്രധാനമന്ത്രിയാവുന്ന മൂന്നാമത്തെ വനിതയായിരുന്നു ലിസ് ട്രസ്. എലിസബത്ത് രാജ്ഞി അധികാരം നല്‍കിയ പതിനഞ്ചാമത്തേയും അവസാനത്തേയും പ്രധാനമന്ത്രി. ലിബറല്‍ ഡമോക്രാറ്റായി രാഷ്ട്രീയത്തിലിറങ്ങിയ ട്രസ് 1997-ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു. മുന്‍ പ്രധാനമന്ത്രി ജെയിംസ് കാമറൂണാണ് ട്രസിനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അവസരം നല്‍കുന്നത്.

2010-ല്‍ ആദ്യമായി പാര്‍ലമെന്റിലെത്തി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ എതിര്‍ത്ത ലിസ് ട്രസിനെ മന്ത്രിസഭയിലെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തില്‍ തെരേസ മെയ് പുറത്താക്കി. ബോറിസ് മന്ത്രിസഭയില്‍ പക്ഷേ, വിദേശകാര്യമന്ത്രിയായി തിരിച്ചെത്തി. ഇറാനില്‍ തടവിലായ എഴുത്തുകാരി നസാനിന്‍ സഗാരി റാറ്റ്ക്ലിഫിന്റേയും വ്യാപാരി ആനൂഷേ അഷൂരിയുടേയും മോചനം സാധ്യമാക്കിയതും റഷ്യന്‍ അധിനിവേശത്തില്‍ യുക്രൈന് പിന്തുണ പ്രഖ്യാപിച്ചതും ട്രസിന്റെ ധീരനിലപാടുകളായി വാഴ്ത്തപ്പെട്ടു.

Content Highlights: Liz Truss British Prime minister reason for resignation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented