
ക്വിങ്ഡോയിൽ ആരോഗ്യപ്രവർത്തകർ സാമ്പിൾ ശേഖരിക്കുന്നു. |ഫോട്ടോ: സിൻഹുവ വാർത്താ ഏജൻസി
ബീജിങ്: ഭക്ഷണ പാക്കറ്റിനു മുകളിൽ സജീവ കൊറോണവൈറസിനെ കണ്ടെത്തിയെന്ന് ചൈനീസ് ആരോഗ്യവകുപ്പ്. തുറമുഖ മേഖലയായ ക്വിങ്ഡോയിൽ ഇറക്കുമതി ചെയ്ത ശീതീകരിച്ച കടൽമത്സ്യത്തിന്റെ പാക്കറ്റിനു മുകളിലാണ് സജീവമായ കൊറോണ വൈറസിന്റെ സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞത്.
ലോകത്ത് ഇതാദ്യമായാണ് ഭക്ഷണ പാക്കറ്റിനു പുറത്ത് സജീവമായതും ഒറ്റപ്പെട്ടുനിൽക്കുന്നതുമായ കൊറോണ വൈറസ് സാന്നിധ്യം തിരിച്ചറിയുന്നതെന്ന് സി.ഡി.സി (ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ) വ്യക്തമാക്കി.
നഗരത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട അണുബാധകളുടെ ഉറവിടം കണ്ടെത്താനായി നടത്തിയ പരിശോധനയിലാണ് പാക്കേജിനു മുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് സാന്നിധ്യമുള്ള പാക്കേജുമായി സമ്പർക്കത്തിൽ വരുന്നത് രോഗവ്യാപനത്തിന് കാരണമാവുന്നുവെന്ന് സി.ഡി.സി പ്രസ്താവനയെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം ഏത് രാജ്യത്തുനിന്നാണ് പാക്കേജ് ഇറക്കുമതി ചെയ്തതെന്ന് സി.ഡി.സി പ്രസ്താവനയിൽ വ്യക്തമായിക്കിയിട്ടില്ല.
ക്വിങ്ഡോയിൽ അടുത്തിടെ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു. തുടർന്ന് പ്രദേശത്തെ 110 പേരിലും അധികൃതർ പരിശോധന നടത്തി. നിലവിൽ പുതിയ ക്ലസ്റ്റർ രൂപപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ശീതീകരിച്ച ചെമ്മീൻ സൂക്ഷിച്ച കണ്ടെയ്നറിനുള്ളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ചൈന ജൂലൈയിൽ ചെമ്മീൻ ഇറക്കുമതി നിരോധിച്ചിരുന്നു.
Content Highlights:Living Coronavirus Found On Frozen Food Packaging In China
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..