കെനിയയിലെ വിൻസെന്റ് എയർപോർട്ടിൽനിന്ന് പത്തുപേർക്ക് സഞ്ചരിക്കാവുന്ന ചെറു വിമാനത്തിലേറി, നമ്മുടെ നാട്ടിൻപുറത്തെ തകരംകൊണ്ട് മേഞ്ഞ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തെ അനുസ്മരിപ്പിക്കുന്ന 'മൗസിയാര' എയർ സ്ട്രിപ്പിൽ ഇറങ്ങുമ്പോൾ ഞങ്ങളെ കാത്തുനിന്നിരുന്ന പരമ്പരാഗത വേഷമണിഞ്ഞ ഊർജസ്വലനായ മസായി ഡ്രൈവർ റോബർട്ട് നൽകിയ ആദ്യവാഗ്ദാനം ''സിംഹത്തെയും കുഞ്ഞുങ്ങളെയും കാണിച്ചുതരാം'' എന്നായിരുന്നു.

മസായിമാരയിലെ കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പുൽപ്പരപ്പിലൂടെയും മാരാനദിക്കിനിരുവശവുമായി വളരുന്ന നിബിഡ വനസീമകളെയും വലംവെച്ചായിരുന്നു യാത്ര. യാത്രാപഥത്തിനിരുവശവുമായി പുൽപ്പരപ്പിൽ വർണങ്ങൾ വാരി വിതറി തലനീട്ടുന്ന ജിറാഫും കറുപ്പിന്റെയും വെളുപ്പിന്റെയും കരുത്താർന്ന സൗന്ദര്യവുമായി സീബ്രകളും പലായന സന്നദ്ധരായി നീങ്ങുന്ന എണ്ണിയാലൊടുങ്ങാത്ത വൈൽഡ് ബീസ്റ്റുകളും കൗതുകക്കാഴ്ചകളായി നിറഞ്ഞു. പക്ഷേ, മനം തേടിയത് ആഫ്രിക്കൻ വനഭൂമിയിലെ 'ബിഗ് ഫൈവ്' എന്നറിയപ്പെടുന്ന ആനകളെയും സിംഹങ്ങളെയും കാണ്ടാമൃഗത്തെയും പുള്ളിപ്പുലിയെയും കാട്ടുപോത്തുകളെയുമായിരുന്നു.

പുൽമേടുകളിൽ നിറയുന്ന കാനനകാന്തി പകർത്തി നീങ്ങവേ ഞങ്ങളിടയ്ക്ക് സിംഹത്തിന്റെയും കുഞ്ഞുങ്ങളുടെയും കാര്യം റോബർട്ടിനെ ഓർമിപ്പി ക്കാതിരുന്നില്ല. അപ്പോഴെല്ലാം ആത്മവിശ്വാസത്തോടുകൂടിയ അയാളുടെ മറുപടി 'കാത്തിരിക്കുക' എന്നായിരുന്നു. ഒടുവിൽ അകലെ പുൽപ്പരപ്പിലെവിടെയോ സിംഹത്തെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയ വിവരം സഹസാരഥികളിലാ രോ റോബർട്ടിനെ അറിയിച്ചു. പിന്നീട് സംഭവിച്ചത് റേഞ്ച് റോവറിന്റെ ക്ഷമത പരീക്ഷിക്കും വിധം പുൽമേടുകളും പാറയിടുക്കുകളും വെള്ളക്കെട്ടുകളും താ ണ്ടിയുള്ള ഒരു കുതിപ്പായിരുന്നു.

രണ്ടമ്മമാരുടെ നടുവിൽ യഥേഷ്ടം കുതൂഹല തരളഭാവത്തിൽ കൂത്താടുന്ന, ടെഡി ബിയറിനെ ഓർമിപ്പിക്കുന്നവിധം ഓമനത്തം തുളുമ്പുന്ന, എട്ട് കുഞ്ഞുങ്ങളുടെ കേളീമുഹൂർത്തത്തിലേക്കാണ് ഞങ്ങൾ കൺതുറക്കുന്നത്. വെളിച്ചം നന്നേ കുറവായ അന്തരീക്ഷത്തിൽ ക്യാമറയുടെ ക്രമീകരണങ്ങൾ എത്രശ്രമിച്ചാലും കുറ്റമറ്റ ചിത്രങ്ങൾ ലഭിക്കില്ല എന്ന് ഉറപ്പായ ഞങ്ങൾ നിരാശയോടെ അല്പനേരം മാത്രം ക്യാമറ ചലിപ്പിച്ചു. ഇനിയൊരിക്കലും ഇതുപോലൊരു മുഹൂർത്തം ലഭിച്ചില്ലെങ്കിലോ എന്ന കരുതലിൽ പോസ്റ്റ് പ്രൊഡക്ഷനിൽ ശരിയാക്കാമെന്ന വിശ്വാസത്തിൽ കുറച്ച് ചിത്രങ്ങൾ പകർത്തി. ശേഷം പുൽമേടിനെ ഇരുട്ട് വിഴുങ്ങുംവരെ അമ്മയും മക്കളും ചേർന്നുള്ള കളികൾ ഹൃദയത്തിൽ പകർത്തുകയായിരുന്നു. 'കാട് കയറുന്നത് ചിത്രങ്ങൾ ഹൃദയത്തിൽ പകർത്താനാകണം' എന്നൊരു ന്യായീകരണവും ഇതിനായി കണ്ടെത്തി. ചുറ്റും നിലയുറപ്പിച്ച സഫാരി വാഹനങ്ങളുടെ ആരവങ്ങളവഗണിച്ച് അമ്മത്തണലിൽ കുസൃതി കാണിച്ച് തിമിർക്കുകയാണ് കുഞ്ഞുങ്ങൾ. ഒരുനിമിഷംപോലും അടങ്ങിയിരിക്കാതെ അമ്മയുടെ പുറത്തേറിമറിഞ്ഞുംഅമ്മിഞ്ഞപ്പാൽ നുകർന്നും മക്കളും, ക്ഷമയോടെ വാത്സല്യത്തികവോടെ മക്കളെ നക്കിത്തുടക്കുന്ന അമ്മയും. ചേതോഹരമായിരുന്നു ആ ദൃശ്യവിരുന്ന്.

പിറ്റേ ദിവസവും നന്നേ പ്രഭാതത്തിൽത്തന്നെ പുറപ്പെട്ടു. ഒരിക്കലും മറക്കാനാവാത്തവിധം നിരവധി മസായിമാര ചിത്രങ്ങൾ ലഭിച്ചെങ്കിലും സിംഹക്കു ഞ്ഞുങ്ങളെ കണ്ടെത്താനായില്ല. മൂന്നാം ദിവസം സാരഥി ഉറപ്പിച്ചുപറഞ്ഞു, ഇന്നെന്തായാലും നമ്മുടെ പ്രതീക്ഷ സഫലമാകും. അനന്തമായി വ്യാപിച്ചുകിടക്കുന്ന പുൽപ്പരപ്പിന്റെ ഏതോ കോണിൽ അല്പമാത സ്വകാര്യതയോടെ കഴിയുന്ന വനറാണിയെയും മക്കളെയും എങ്ങനെ കണ്ടെത്തും? പക്ഷേ, റോബർട്ടിന്റെ യാത്ര, ലക്ഷ്യം മുന്നിൽ കണ്ടായിരുന്നു. ദ്രുതവേഗത്തിൽ നീങ്ങിയ യാത്രാവാഹനം ഒരു ചെറു ജലാശയത്തിന്റെ മറുകരയിൽ വിശ്രമിക്കുന്ന വനരാജകുടുംബത്തിന്റെ മുന്നിലാണ് ഞങ്ങളെ എത്തിച്ചത്. പ്രഭാതസൂര്യന്റെ കിരണങ്ങളേറ്റ് പൊൻനിറമാർന്ന പുൽമേടിന്റെ പശ്ചാത്തലഭംഗിയിൽ അമ്മയും മക്കളും. അവിടെയും രണ്ട് പെൺസിംഹങ്ങളും ഒരാൺസിംഹവും ആറോ ഏഴോ കുട്ടികളും ഉണ്ടായിരുന്നു.

പുൽപ്പരപ്പിൽ തലങ്ങും വിലങ്ങും ഓടിത്തിമിർത്തും അന്യോന്യം ചെറുകലഹങ്ങളിലേർപ്പെട്ടും ഇടയ്ക്ക് അമ്മയുടെ അടുത്തേക്ക് ഓടിയെത്തി വാത്സല്യം നുകർന്നും പുൽപ്പരപ്പിൽ നിറയുന്ന കുഞ്ഞിന്റെ സൗന്ദര്യം വല്ലാതെ മോഹിപ്പിക്കും. തന്റെ ദൃശ്യപരിധിവിട്ട് ഓടുന്ന കുഞ്ഞുങ്ങളെ ശാസിച്ചും അനുനയിപ്പിച്ചും വരുതിയിൽ നിർത്തുന്ന അമ്മ. വെളിച്ചത്തിന്റെ നിറഞ്ഞ സാന്നിധ്യവും സ്വർണവർണമാർന്ന പുൽപ്പരപ്പിന്റെ പശ്ചാത്തലവും സക്രിയമായ മുഹൂർത്തവും സമന്വയിച്ച കുറേയേറെ ചിത്രങ്ങൾ!

കുറച്ചകലെയായി അമ്മയ്ക്കും മക്കൾക്കും കൂട്ടായി രാജകീയ പ്രൗഢിയിൽ വിരാ ജിക്കുന്ന മൃഗരാജൻ ഇടയ്ക്ക് കോട്ടുവായിട്ടും അലസഗമനം നടത്തിയും പുൽപ്പരപ്പിൽ വിശ്രമിക്കുന്നു. സദാ മക്കളോടൊപ്പം കഴിയുന്ന വനറാണി ഇടയ്ക്ക് ഞങ്ങൾക്ക് വേണ്ടിയെന്നവണ്ണം കുഞ്ഞുങ്ങളിലൊന്നിനെ മൃദുവാ യി കടിച്ചെടുത്ത് തലയുയർത്തി നിമിഷങ്ങളോളം പോസ് ചെയ്തുതന്നു. ഓരോ കുഞ്ഞിനെയും ഊഴമനുസരിച്ച് അമ്മ പൊക്കിയെടുക്കുമ്പോൾ തങ്ങളെ പരി ഗണിക്കാത്തതിന്റെ പരിഭവവും പ്രതിഷേധവും പ്രകടിപ്പിക്കുന്ന കുരുന്നുകളെയും കൂട്ടത്തിൽ കണ്ടു.
മാതൃനിർവൃതിയുടെ ഏറ്റവും സഫലമായ മുഹൂർത്തവും ഇടയ്ക്ക് തെളിഞ്ഞു. അമ്മിഞ്ഞപ്പാൽ നുകരാനായി ഒരു കുരുന്ന് ഓടിയെത്തിയപ്പോൾ കൂടെ മറ്റ് സഹോദരങ്ങളും കൂട്ടം ചേർന്നെത്തി സ്തന്യം നുകരുന്നതും കുഞ്ഞുങ്ങളിലൊന്നിനെ ചേർത്തുപിടിച്ച് നിർവൃതിയും ആനന്ദവും സ്‌ഫുരിക്കുന്ന മുഖഭാവത്താടെ വാപിളർന്ന് കിടക്കുന്ന അമ്മ ഇതുവരെ കണ്ട മാതൃചിത്രങ്ങളിൽ മനസ്സിൽ മായാതെ നിൽക്കുന്നതാണ്. അമ്മയെ തഴുകിയും തലോടിയും പിൻ കാലിൽ ഉയർന്നുനിന്ന് മുഖത്ത് എത്തിപ്പിടിച്ച് ഉമ്മ നൽകിയും മാറിമാറി വാത്സല്യം നുകരുന്ന കുട്ടിക്കുറുമ്പന്മാരുടെ ഭാവ ഹർഷങ്ങളും മറക്കാവതല്ല.

പെൺസിംഹങ്ങൾ എല്ലാ കാലാവസ്ഥാവ്യതിയാനങ്ങളിലും നാല് വയസ്സാകുമ്പോഴേക്കും പ്രജനന സന്നദ്ധരാകും. ഒരു സിംഹക്കുടുംബത്തിൽ (Pride) സാധാരണയായി രണ്ടാ അതിലധികമോ ആൺ സിംഹങ്ങളും എട്ടൊമ്പതോളം പെൺസിംഹങ്ങളും ആറോ ഏഴോ കുഞ്ഞുങ്ങളുമുണ്ടാകും. ബഹുഭർതൃത്വവും ഭാര്യാത്വവും സർവസാധാരണം. സാധാരണയായി ഗർഭകാലം 110 ദിവസം നീളുന്നു. ഒരു പ്രസവത്തിൽ ഒന്നുമുതൽ നാലുവരെ കുഞ്ഞുങ്ങളുണ്ടാവാം. പെൺ
സിംഹങ്ങൾ ഈറ്റില്ലം കണ്ടെത്തുക കുടുംബത്തിൽ നിന്നകന്ന് കുറ്റിക്കാടുകളിലോ ചെറുകുഴി കളിലോ ശത്രുക്കളുടെ ശ്രദ്ധ പതിയാൻ സാധ്യതയില്ലാത്ത സ്വകാര്യ ഇടങ്ങളിലോ ആകും. ഈറ്റില്ലത്തിൽ കഴിയുമ്പോൾ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുംവിധം ഒറ്റയ്ക്കാണ് വേട്ടയ്ക്കിറങ്ങുക. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മിക്കവാറും അന്ധരാകും. കണ്ണുതെളിയാൻ ഒരാഴ്ച സമയമെടുക്കും. പൊതുശത്രുക്കളിൽനിന്ന് രക്ഷ നേടാനായി അമ്മ കുഞ്ഞുങ്ങളൊടൊത്ത് ഇടയ്ക്ക് ഈറ്റില്ലങ്ങളുടെ സ്ഥാനം മാറുന്നതായി കാണാം. ആറുമുതൽ എട്ടാഴ്ച വരെ പ്രായമാകുമ്പോൾ അമ്മ മഹാറാണി കുഞ്ഞുങ്ങളുമായി കുടുംബത്തിലേക്ക് ചേക്കേറും. പിന്നെ രാജകുടുംബാംഗങ്ങളും വനരാജനും വനറാണിയുമായി അവർ കാടുവാഴും. രാജകീയമായിത്തന്നെ!

Content Highlights: Lions and Lion Cubs, Masai Mara Travel, Wildlife Photography, Azeez Mahe Photography