ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റര്‍ ക്രുഗര്‍ നാഷണല്‍ പാര്‍ക്കിലൂടെ സഞ്ചാരികളുമായി പോകവേ ചെളിയില്‍ പൂണ്ട സഫാരി ജീപ്പുമായി സിംഹത്തിന്റെ വടംവലി. ചെളിയില്‍ നിന്ന് സഫാരി ജീപ്പിനെ വലിച്ചുകയറ്റാന്‍ കെട്ടിയ കയറിലാണ് സിംഹം പിടുത്തമിട്ടത്. സഫാരി ജീപ്പിലിരുന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  

നവംബര്‍ 18-നാണ് സംഭവം നടന്നത്. ദക്ഷിണാഫ്രിക്കയിലെ ബയോബാബ് റിഡ്ജ് ഗെയിം ലോഡ്ജിലെ ഗ്രേറ്റര്‍ ക്രുഗര്‍ നാഷണല്‍ പാര്‍ക്കിലൂടെ പോയ ജീപ്പിന്റെ ടയറുകള്‍ മണ്ണില്‍ പൂണ്ടുപോകുകായിരുന്നു. ടൂര്‍ ഗൈഡ് ജബുലാനി സലിന്‍ഡ കയറുപയോഗിച്ച് വലിച്ച് ജീപ്പിനെ ചെളിയില്‍നിന്ന് കരകയറ്റി. ഇതിനിടെ ജീപ്പിന് പുറത്തേക്ക് നീണ്ടു കിടന്ന കയറില്‍ സിംഹം പിടുത്തമിടുകയായിരുന്നു. 

വാഹനത്തിന് സമീപത്തേക്ക് പതുക്കെ അടുത്തുവന്ന സിംഹം കയറ് കടിച്ചെടുക്കുകയായിരുന്നു. സിംഹം കയറില്‍ കടിച്ചുപിടുക്കുന്നതും വിടാന്‍ വിസമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുറ്റിച്ചെടിക്ക് പിന്നില്‍ കുടുങ്ങി വായില്‍ നിന്ന് കയർ വീണു. ഈ അവസരം ഉപയോഗിച്ച് വാഹനം മുന്നോട്ട് നീങ്ങുമ്പോള്‍ വീണ്ടും സിംഹം കയറില്‍ പിടിത്തമിടുന്നു. തുടര്‍ന്ന് സിംഹം കയറില്‍ കടിച്ചുപിടിച്ചിരിക്കുമ്പോള്‍ തന്നെ വാഹനം ഏതാനും മീറ്ററുകള്‍ മുന്നോട്ടെടുക്കുന്നുണ്ട്. 

ഇത് തമാശയായാണ് തോന്നിയതെന്നും കളിപ്പാട്ടവുമായി കളിക്കുന്ന വലിയ പൂച്ചയെപ്പോലെയായിരുന്നു സിംഹത്തിന്‍റെ വടംവലി അനുഭവപ്പെട്ടതെന്നും ടൂര്‍ ഗൈഡ് ജബുലാനി സലിന്‍ഡ പറഞ്ഞു. സിംഹത്തിന്റെ പ്രവൃത്തി കണ്ട്  ജീപ്പിനടുത്തേക്ക് വരുമോ എന്ന് എന്ന് വിനോദസഞ്ചാരികള്‍ ഭയപ്പെട്ടിരുന്നുവെന്നും എന്നാല്‍ താന്‍ അവരെ ശാന്തരാക്കിയെന്നും ഞങ്ങള്‍ക്കെല്ലാം ആ നിമിഷം ആസ്വദിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Lion plays ‘tug-of-war’ with safari jeep full of tourists, refuses to let go of tow rope