കാബൂള്‍: " ഒരൊറ്റ രാത്രികൊണ്ട് കാബൂളിലെ സ്ത്രീകള്‍ക്ക് നഗരം തികച്ചും അപരിചിതമായി. തെരുവുകളിലുടെ നടക്കുമ്പോള്‍ പോലും ആ മാറ്റം പ്രകടമാണ്"-  അഷ്‌റഫ് ഗനി രാജ്യംവിടുകയും പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകയുടെ വാക്കുകളാണിത്. 

സ്ത്രീകള്‍ അതീവ ഭീതിയോടെയാണ് എല്ലാക്കാലത്തും താലിബാനെ കണ്ടിരുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം അവര്‍ വീണ്ടും അധികാരത്തിലേക്ക് എത്തുമ്പോള്‍ അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ ആ പേക്കിനാവ് സത്യമായിരിക്കുകയാണ്. 

മാധ്യമപ്രവര്‍ത്തനവും സന്നദ്ധ പ്രവര്‍ത്തനവും അടക്കം വിലക്കുന്ന താലിബാന്‍ രണ്ട് പതിറ്റാണ്ടുകൊണ്ട് അഫ്ഗാന്‍ സ്ത്രീകളും ഗോത്രവിഭാഗക്കാരും കൈവരിച്ച പുരോഗതി തച്ചുടക്കുമെന്നാണ് എല്ലാവരും ഭയപ്പെടുന്നത്. ആധുനിക, ജനാധിപത്യ രാഷ്ട്രം കെട്ടിപ്പെടുക്കാം എന്ന അഫ്ഗാന്‍ പുതുതലമുറയുടെ സ്വപ്‌നമാണ് താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതോടെ പൊലിഞ്ഞത്. 

താലിബാന്‍ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ ഒരു ബ്യൂട്ടി സലൂണ്‍ ഉടമ തന്റെ സ്ഥാപനത്തിലെ സ്ത്രീ മോഡലുകളുടെ ചിത്രം പെയിന്റടിച്ച് മറക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. യുവാക്കള്‍ ടീ ഷര്‍ട്ടും ജീന്‍സും ധരിക്കാന്‍ ഭയപ്പെടുന്നതായാണ് വാര്‍ത്തകള്‍. പലരും പരമ്പരാഗ വസ്ത്രമായ സല്‍വാറും കമ്മീസും ധരിച്ചാണ് പുറത്തിറങ്ങുന്നത്. 

തെരുവുകള്‍ പലതും ശൂന്യമായതായി കാബൂള്‍ നഗരത്തിലെ ഒരു കച്ചവടക്കാരന്‍ പറഞ്ഞു. "ബ്രഡ് ഉണ്ടാക്കുന്ന എനിക്ക് വളരെ കുറച്ച്  കച്ചവടം മാത്രമാണ് നടക്കുന്നത്. സുരക്ഷാ സൈനികര്‍ എന്റെ സുഹൃത്തുക്കളായിരുന്നു. എന്നാലിപ്പോള്‍ അവരെല്ലാം പോയി. താടി വളരുന്നില്ല എന്നതാണ് എന്റെ ഇപ്പോഴത്തെ ആശങ്ക. എങ്ങനെ വേഗത്തില്‍ താടി വളര്‍ത്താം എന്നതാണ് ഇപ്പോള്‍ എന്റെ ചിന്ത. ഭാര്യക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടത്ര ബുര്‍ഖകള്‍ ഉണ്ടോ എന്നും ഞാന്‍ പരിശോധിച്ചു"- അദ്ദേഹം പറഞ്ഞു. 

"മുമ്പ് താലിബാന്‍ ഭരണകാലത്ത്‌, ഒരു സ്ത്രീ എന്ന നിലയില്‍ ജീവിക്കാന്‍ എത്രമാത്രം ബുദ്ധിമുട്ടായിരുന്നു എന്നതിനെക്കുറിച്ച് പ്രായമായ സ്ത്രീകളെല്ലാം സംസാരിക്കാറുണ്ട്. അന്ന് ഞാന്‍ കാബൂളിലാണ് താമസിച്ചിരുന്നത്, ബുര്‍ഖ ധരിക്കാതെ വീടിന് പുറത്തിറങ്ങിയ സ്ത്രീകളെയും പെണ്‍കുട്ടികളെയും അവര്‍ മര്‍ദ്ദിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു"- ഒരു അഫ്ഗാന്‍ സ്ത്രീ ഓര്‍മിച്ചു. 

രാജ്യത്തുനിന്ന് രക്ഷപെടാന്‍ ശ്രമിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തക വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ തോക്കിന്‍ മുനയില്‍ കൊള്ളയടിക്കപ്പെട്ടു. അവരുടെ പാസ്‌പോര്‍ട്ടും യാത്രാരേഖകളും പിടിച്ചെടുത്തുവെങ്കിലും വിമനത്താവളത്തില്‍ എത്താന്‍ അവര്‍ക്കായി. "ഞാന്‍ വിമാനത്താവളത്തിലേക്ക് ടാക്‌സിയില്‍ സഞ്ചരിക്കവേ, തെരുവുകളില്‍ നിന്ന് പുരുഷന്മാര്‍ താലിബാന് വേണ്ടി കൈയടിക്കുന്നുണ്ടായിരുവന്നു. അമേരിക്ക പോകട്ടെ എന്നവര്‍ പറഞ്ഞു. എനിക്ക് ഇത് കാണേണ്ടി വരുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല"- മാധ്യമപ്രവര്‍ത്തക പറഞ്ഞു. 

ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ അനുഭവിച്ചു, ഇനി കൂടുതല്‍ കഷ്ടപ്പെടുമെന്നാണ് മറ്റൊരു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. "താലിബാന്റെ വരവിനേക്കുറിച്ചുള്ള പേടി തന്നെ സ്ത്രീകളുടെ സമൂഹത്തിലെ സ്ഥാനം ഇല്ലാതാക്കി. വീടിന് പുറത്തിറങ്ങിയ സ്ത്രീകളോട് നിങ്ങള്‍ കാരണമാണ് താലിബാന്‍ വന്നതെന്നാണ് ജനക്കൂട്ടം ആക്രാശിച്ചത്. താലിബാന്‍ നിങ്ങളെ അച്ചടക്കം പഠിപ്പിക്കും എന്നവര്‍ പറഞ്ഞു. താലിബാന്റെ വരവോടെ ജീവിതം അവസാനിച്ചു" - അവര്‍ പറഞ്ഞു. 

നേരത്തെ, താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ക്ക് വീടിന് പുറത്ത് പോയി ജോലി ചെയ്യുന്നതിനും സ്‌കൂളുകളില്‍ പോകുന്നതും വിലക്കുണ്ടായിരുന്നു. സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് നിര്‍ബന്ധമായിരുന്നു. ബന്ധുവായ പുരുഷനൊപ്പമല്ലാതെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദവുമില്ലായിരുന്നു. കാല്‍പാദം വരെ മറയ്ക്കുന്ന ചെരുപ്പുകളോ വേഷങ്ങളോ നിര്‍ബന്ധമായിരുന്നു

Content Highlioghts: Life has stopped: Worst fears come true for women as Taliban gain control