വൈറ്റ് ഹൗസ് | ഫോട്ടോ: എ.പി
വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ ഉരുപ്പടി അയച്ചതായി റിപ്പോര്‍ട്ട്. കാനഡയില്‍നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്സലില്‍ റിസിന്‍ എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.
സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചുതന്നെ പാഴ്സലില്‍ വിഷം ഉള്‍ക്കൊള്ളുന്നതായി തിരിച്ചറിഞ്ഞതിനാല്‍ വൈറ്റ് ഹൗസിലേയ്ക്ക് പാഴ്സല്‍ എത്താതെ തടയാന്‍ സാധിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ വിഭാഗവും യുഎസ് പോസ്റ്റല്‍ ഇന്സ്പെക്ഷന് സര്‍വീസും അന്വേഷണം നടത്തിവരികയാണ്.
ജൈവായുധമായി ഉപയോഗിക്കാനാകുന്ന അതിമാരക വിഷമാണ് റിസിന്‍. ശരീരത്തിന് ഉള്ളിലെത്തുകയോ ശ്വസിക്കുകയോ കുത്തിവെക്കുകയോ ചെയ്താല്‍ മരണകാരണമാകും. കടുകുമണിയോളം മതിയാകും ഒരാളെ കൊല്ലാന്‍. വിഷബാധയേറ്റ് 36-72 മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും. ഇതിന് നിലവില്‍ മറുമരുന്നുകളൊന്നുമില്ല.
മുന്‍പും വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന പാഴ്സലുകള്‍ അയക്കപ്പെട്ടിട്ടുണ്ട്. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് രണ്ടു തവണ റിസിന്‍ ഉള്‍ക്കൊള്ളുന്ന കത്തുകള്‍ വൈറ്റ് ഹൗസിലേയ്ക്ക് അയച്ച രണ്ടു സംഭവങ്ങളില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സഭവത്തില്‍ 2014ല്‍ മിസ്സിസിപ്പി സ്വദേശിയായ ജയിംസ് എവെറെറ്റ് എന്നയാള്‍ 25 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു.
Content Highlights: Letter With Deadly Poison Ricin Sent To White House
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..