ഇസ്ലാമാബാദ്: ഇന്ത്യയുടെ ആക്രമണമുണ്ടായേക്കാമെന്ന് വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ്‌ ഖുറേഷി പറഞ്ഞത് കേട്ട് പാക് സൈനിക മേധാവിയുടെ മുട്ടിടിച്ചെന്ന് വെളിപ്പെടുത്തല്‍. 2019 ഫ്രെബ്രുവരി അവസാനം പാകിസ്താന്‍ തടങ്കലില്‍വെച്ച വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചില്ലെങ്കില്‍ രാത്രി ഒന്‍പത് മണിയോടെ ഇന്ത്യയുടെ ആക്രമണമുണ്ടാകുമെന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ മുട്ടിടിക്കുകയായിരുന്നുവെന്നാണ് ദേശീയ അസംബ്ലിയില്‍ ഒരംഗം പ്രസംഗിച്ചത്‌.

പാകിസ്താന്‍ തടവിലാക്കിയ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ച അടിയന്തരവും നിര്‍ണായകവുമായ യോഗമുള്‍പ്പെടെ 2019 ഫെബ്രുവരിയില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ച് സംസാരിക്കവെയാണ് പാകിസ്താന്‍ മുസ്ലിം ലീഗ്-എന്‍(പിഎംഎല്‍-എന്‍) നേതാവ് ആയാസ് സാദിഖ് ഇക്കാര്യം സൂചിപ്പിച്ചത്. ദേശീയ അസംബ്ലി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആയാസ് സാദിഖ്. 

പി.പി.പി., പി.എം.എല്‍.-എന്‍ പാര്‍ലമെന്ററി  നേതാക്കള്‍, സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ എന്നിവരുമായി ഖുറേഷി നടത്തിയ അടിയന്തരയോഗത്തിലാണ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കുന്ന കാര്യം തീരുമാനിച്ചതെന്ന് ആയാസ് സാദിഖ് പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിസമ്മതിച്ചതായും മുറിയിലേക്ക് കടന്നു വരുമ്പോള്‍ തന്നെ ജനറല്‍ ജാവേദ് ബജ്വ ഭയചകിതനായി കാണപ്പെട്ടതായും ആയാസ് സാദിഖ് കൂട്ടിച്ചേര്‍ത്തു. 

'പടച്ചവനെ ഓര്‍ത്ത്‌ അഭിനന്ദനെ വിട്ടയക്കൂ, രാത്രി ഒന്‍പത് മണിയ്ക്ക് പാക്കിസ്താന്റെ നേര്‍ക്ക് ഇന്ത്യയുടെ ആക്രമണമുണ്ടാകും'. ഖുറേഷിയുടെ വാക്കുകള്‍ ആയാസ് സാദിഖ് ഓര്‍മിച്ചു. അഭിനന്ദന്‍ വര്‍ധമാന്റെ വിഷയമുള്‍പ്പെടെ എല്ലാ കാര്യത്തിലും പ്രതിപക്ഷകക്ഷിയുടെ പിന്തുണ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനുണ്ടായിരുന്നതായും എന്നാല്‍ പിന്നീട് അത് തുടര്‍ന്നില്ലെന്നും ദുനിയ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

Content Highlights: Let Abhinandan Go Pak Leader Says Army Chief Was Shaking At Meet