-
ബയ്റൂത്ത്: ശക്തിയേറിയ സ്ഫോടനത്തെ തുടര്‍ന്ന് തലസ്ഥാനമായ ബയ്റൂത്ത് തകര്‍ന്നടിഞ്ഞതിന് പിന്നാലെ രാജ്യത്ത് ഭക്ഷ്യ- മരുന്ന് ക്ഷാമമുണ്ടായേക്കുമെന്ന് ഭയന്ന് ലബനന്. പ്രതിസന്ധി മുന്നില്‍ കണ്ട് മരുന്നും ഭക്ഷണവുമടക്കം അയച്ച് സഹായിക്കാനൊരുങ്ങുകയാണ് ഇന്ത്യ. 2013 മുതല്‍ തുറമുഖ നഗരമായ ബയ്റൂത്തില്‍ മതിയായ സുരക്ഷയില്ലാതെ സംഭരിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് ആണ് സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഇതുവരെ 137 പേര് മരിക്കുകയും 5,000 ല്‍ പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ശക്തിയേറിയ സ്ഫോടനത്തില്‍ ബയ്റൂത്തിലെ പ്രധാന ധാന്യ സംഭരണ കേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞുവെന്നാണ് വിവരങ്ങള്‍. ബയ്റൂത്ത് മുഖേനെയാണ് ലെബനനിലെ 60 ശതമാനം ഇറക്കുമതിയും നടക്കുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് ഈ സപ്ലൈ ചെയിന്‍ തകര്‍ന്നിരിക്കുകയാണ്. ഇത് രാജ്യത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ തകര്‍ന്ന പ്രധാന ധാന്യ സംഭരണ കേന്ദ്രത്തിന് 120,000 ടണ്‍ ഭക്ഷ്യധാന്യം സംഭരിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഈ കേന്ദ്രത്തിലുള്ള മുഴുവന്‍ ധാന്യങ്ങളും നശിച്ചുപോയിരിക്കാമെന്നാണ് കരുതുന്നത്.
വെറും ആറാഴ്ചത്തേക്ക് വേണ്ട ഭക്ഷ്യധാന്യങ്ങള്‍ മാത്രമേ രാജ്യത്ത് ഇനിയുള്ളുവെന്നാണ് ലെബനനന്‍ അധികൃതര്‍ പറയുന്നത്. സ്ഫോടനത്തില്‍ ആന്റിബയോട്ടിക്കുകള്‍, വേദനാ സംഹാരികള്‍, രക്തം സംഭരിക്കുന്ന ബാഗുകള്‍, അര്‍ബുദം, എച്ച്.ഐ.വി, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവയുടെ സംഭരണ കേന്ദ്രങ്ങളും നിലംപരിശായിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യധാന്യങ്ങളും അവശ്യ മരുന്നുകളുമടക്കമുള്ള സഹായങ്ങള്‍ നല്കാന് ഇന്ത്യ തയ്യാറെടുക്കുന്നത്.
സ്ഫോടനത്തില്‍ 1,100 കിടക്കകളുള്ള രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയും തകര്‍ന്നു. 60 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ രാജ്യം ആവശ്യമായ ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ റഷ്യ, ഉക്രൈന്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമിതി ചെയ്തിരുന്നത്.
നിലവില്‍ 4,000 ഇന്ത്യക്കാര്‍ ലെബനനില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ലെബനന് നേരിടുന്ന സമാനതകളില്ലാത്ത ദുരന്തത്തില്‍ സഹായിക്കാന്‍ തയ്യാറാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ലോകത്തിന്റെ ഫാര്‍മസി ലെബനീസ് അധികൃതരുടെ അനുവാദത്തിനായി കാത്തിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു. കോവിഡ്-19ന്റെ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ 100 ഓളം രാജ്യങ്ങള്‍ക്കാണ് ഇന്ത്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയത്. അവരെല്ലാം ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ചിട്ടുണ്ട്. ലെബനന് അധികൃതരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്.
Content Highlights: Lebanon fears food and medicine shortage, India plans to lend a hand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..