വാഷിങ്ടണ്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയിരിക്കുകയാണ്‌.

  കോവിഡിനേക്കാള്‍ ഇപ്പോള്‍ അമേരിക്കയില്‍ ചെറുപ്പക്കാരും വിദ്യാര്‍ഥികളും നേരിടുന്ന പ്രതിസന്ധി ലാപ്‌ടോപ്പ് അടക്കമുള്ള ഉപകരണങ്ങളുടെ ലഭ്യതക്കുറവാണ്. എല്ലാവര്‍ക്കും ഉപകരണങ്ങള്‍ എല്ലാം ലഭ്യമാകാതെ ഓണ്‍ലൈന്‍ പഠനം പൂര്‍ണതോതില്‍ സജ്ജമാക്കാന്‍ സാധിക്കില്ല.

അധ്യയന വര്‍ഷം കടന്നുപോവുകയും ചെയ്യുന്നു. വിദ്യാര്‍ഥികളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുന്നതിന് മുമ്പുതന്നെ എല്ലാം സജ്ജമാക്കാനുള്ള നെട്ടോട്ടത്തിലാണ് അമേരിക്കന്‍ സര്‍വകലാശാലകളും രക്ഷിതാക്കളും.

മിക്കവാറും എല്ലാ കമ്പനികളിലും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറുകയുംകൂടി ചെയ്തതോടെ രാജ്യത്തെ മിക്ക ഇടങ്ങളിലും ലാപ്‌ടോപ്പുകള്‍ അടക്കമുള്ളവയുടെ വലിയ ഓര്‍ഡറുകളാണ് പല വിതരണക്കാര്‍ക്കും വന്നിരിക്കുന്നത്. 

ഇപ്പോള്‍ പഴയ ലാപ്‌ടോപ്പുകള്‍ നന്നാക്കി ഉപയോഗിക്കാനുള്ള ശ്രമങ്ങളാണ് പലയിടങ്ങളിലും നടക്കുന്നത്. ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ ഇത്തരം ലാപ്‌ടോപ്പുകള്‍ക്കും വന്‍ ഡിമാന്‍ഡാണ്.

പ്രമുഖ ലാപ്‌ടോപ്പ് നിര്‍മാണ കമ്പനികള്‍ക്കെല്ലാം തന്നെ വന്‍തോതിലുള്ള ഓര്‍ഡറുകളാണ് വന്നിരിക്കുന്നത്. ഇതെല്ലാം നല്‍കാന്‍ തന്നെ അവര്‍ പാടുപെടുകയാണ്‌. അതിനിടെ പല അനുബന്ധ ഘടകങ്ങള്‍ ലഭ്യമല്ലാത്തതും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ച് മാസം മുതലാണ് ഇവയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നത്. കൂടുതലും ടെക് കമ്പനികളാണ് ഇവയുടെ ആവശ്യക്കാരായി മാറിയത്. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപകമായതോടെ ലാപ്‌ടോപ്പുകള്‍ മഷിയിട്ടുനോക്കിയാല്‍ പോലും കാണാനില്ലാത്ത അവസ്ഥയിലായി.

കോവിഡ് വ്യാപനം രൂക്ഷമായതോടെ എല്ലാവരും വീടുകളില്‍ തന്നെ ഇരിക്കാന്‍ തുടങ്ങിയതിന് പിന്നാലെ അമേരിക്കയില്‍ ആദ്യം ഉണ്ടായ പ്രതിസന്ധി ടോയ്‌ലെറ്റ് പേപ്പറിന്റെ ലഭ്യതക്കുറവായിരുന്നു.

പിന്നാലെ ഭക്ഷണ നിര്‍മാണത്തിനുപയോഗിക്കുന്ന യീസ്റ്റ് കിട്ടാതായി. ഇപ്പോള്‍ അതിനെക്കാളെല്ലാം വലുതായ പ്രതിസന്ധിയാണ് ലാപ്‌ടോപ്പുകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

Content Highlights: Laptops are Hard to Find in US