പ്രതീകാത്മക ചിത്രം | Photo: Steven Saphore | AFP
ക്വാലാലംപൂര്‍: കൊറോണ വൈറസിന്റെ ലാംഡ വകഭേദം (Lambda) ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമാണെന്ന് റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ ലാംഡ മാരകവും രോഗവ്യാപന ശേഷി കൂടിയതുമാണെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളല്‍ മുപ്പതിലധികം രാജ്യങ്ങളില്‍ ഇത് സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ലാംഡ ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത പെറുവിലാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ളതെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഡെല്‍റ്റ വകഭേദത്തേക്കാള്‍ രോഗവ്യാപന ശേഷി കൂടിയതാണ് ലാംഡയെന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നതെന്നും മന്ത്രാലയം പറഞ്ഞു.
മേയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 82 ശതമാനവും ലാംഡ വകഭേദം മൂലമുള്ളതാണ്. മറ്റൊരു ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 31 ശതമാനവും ലാംഡ വകഭേദം മൂലമുള്ളതാണ്.
ബ്രിട്ടനില്‍ ലാംഡ വകഭേദം കണ്ടെത്തിയ കാര്യവും മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്. ഫെബ്രുവരി 23 മുതല്‍ ജൂണ്‍ ഏഴ് വരെ രാജ്യത്താകെ ആറു ലാംഡ കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംഡയെ അണ്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍ (വിയുഐ) പട്ടികയില്‍ ചേര്‍ത്തതായി ബ്രിട്ടനിലെ ആരോഗ്യ വിഭാഗം അറിയിച്ചിരുന്നു.
ചിലി, പെറു, ഇക്വഡോര്‍, അര്‍ജന്റീന തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ വകഭേദം കണ്ടെത്തിയത്. സ്‌പൈക്ക് പ്രോട്ടീനില്‍ ലാംഡ വകഭേദം ഒന്നിലധികം മ്യൂട്ടേഷനുകള്‍ കാണിക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
Content Highlights: Lambda variant of coronavirus deadlier than delta': Malaysian health ministry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..