ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ| Photo: AFP
സിയോള്‍: വീഡിയോകള്‍ കാണുകയോ പ്രചരിപ്പിക്കുകയോ ചെയ്തതിന് മൂന്നു വര്‍ഷത്തിനിടയില്‍ ഉത്തര കൊറിയയില്‍ ഏഴ് പേരെ വധിച്ചതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വധശിക്ഷ നടപ്പാക്കയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദക്ഷിണ കൊറിയയില്‍നിന്നുള്ള സിനിമകളും വീഡിയോകളും കണ്ടതിനോ വിതരണം ചെയ്തതിനോ ആണ് കൊല്ലപ്പെട്ട ഏഴ് പേരില്‍ ആറ് പേര്‍ക്കും ശിക്ഷ ലഭിച്ചത്. 2012നും 2014നും ഇടയിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടത് 2015ല്‍ ആണ്. ദക്ഷിണകൊറിയയില്‍നിന്നുള്ള സിനിമകളും സംഗീത വീഡിയോകളും ഉള്‍ക്കൊള്ളുന്ന സിഡികളും പെന്‍ഡ്രൈവുകളും വില്പന നടത്തിയതിന് ഈ വര്‍ഷം മേയ് മാസത്തില്‍ ഉത്തര കൊറിയ ഒരാളെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കിയതായി ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ട്രാന്‍സിഷണല്‍ ജസ്റ്റിസ് വര്‍ക്കിങ് ഗ്രൂപ്പ് എന്ന ഈ സംഘടന കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 683 ഉത്തര കൊറിയക്കാരുമായി അഭിമുഖം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇക്കാലത്ത് ആകെ 27 വധശിക്ഷകള്‍ ഉത്തര കൊറിയ നടപ്പാക്കി. മയക്കുമരുന്ന് ഇടപാട്, വ്യഭിചാരം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് ഈ ശിക്ഷ.
ഉത്തരകൊറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര ശ്രദ്ധ തിരിയുന്ന സാഹചര്യത്തില്‍, വധശിക്ഷകള്‍ രഹസ്യമായി നടത്താന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ കൊലപാതകങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാന്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു.
വധശിക്ഷ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരാതിരിക്കുന്നതിനാല് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് അര്‍ഥമില്ലെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ പാര്‍ക്ക് ആയോങ് പറയുന്നു. ഭരണകൂട കൊലപാതകങ്ങള്‍ മുന്‍പത്തേതുപോലെ പരസ്യമല്ലാതായി എന്നു മാത്രമാണ് ഇതിന്റെ അര്‍ഥമെന്നും അദ്ദേഹം പറയുന്നു.
Content Highlights: Kim Jong-un executed 7 in 3 years for watching South Korean videos
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..