കിമ്മും പത്‌നിയും ദ ഡേ ഓഫ് ഷൈനിങ് സ്റ്റാർ ആഘോഷപരിപാടിയിൽ | Photo : AFP
പ്യോങ്യാങ്: ഉത്തര കൊറിയ രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിന്റെ പത്നി റി സോൾ ജു വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഏകദേശം ഒരു കൊല്ലത്തോളമായി പൊതുവിടങ്ങളിൽ കാണപ്പെടാത്തതിനെ തുടർന്ന് ഇവരുടെ ആരോഗ്യാവസ്ഥ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ടാണ് റി സോൾ ജു പൊതുആഘോഷപരിപാടിയിൽ പങ്കെടുക്കാനെത്തിയത്. മുൻ രാഷ്ട്രത്തലവനും കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ്-ഇല്ലിന്റെ ജന്മവാർഷികദിനമായ ദ ഡേ ഓഫ് ഷൈനിങ് സ്റ്റാർ ആഘോഷത്തോടനുബന്ധിച്ചുള്ള സംഗീതപരിപാടിയിൽ കിം ജോങ് ഉന്നിനൊപ്പം പ്രഥമവനിതയും എത്തിച്ചേർന്നതായി ദേശീയ വാർത്താമാധ്യമം(കെസിഎൻഎ) ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
സ്വാഗതഗാനം ആലപിക്കുന്ന സമയത്ത് ഭാര്യ റി സോൾ ജുവുമൊന്നിച്ചെത്തിയ ജനറൽ സെക്രട്ടറിയെ കണ്ട് പരിപാടിയിൽ പങ്കെടുക്കാനെത്തിയ എല്ലാവരും ആർപ്പുവിളികൾ മുഴക്കിയതായി കെസിഎൻഎ അറിയിച്ചു. രാജ്യത്തെ ഏറ്റവും പ്രമുഖ പത്രമായ റോഡോങ് സിൻമുൻ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ മുൻപേജിൽ തന്നെ പ്രസിദ്ധീകരിച്ചു. മുൻ ഗായികയായിരുന്ന റി സോൾ ചൈനാ സന്ദർശനവേളയിൽ കിമ്മിനെ അനുഗമിക്കുകയും ഷി ജിങ് പെന്നിനും പത്നിക്കുമൊപ്പം വിരുന്നുസത്‌ക്കാരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
റി സോൾ ജുവിനെ കുറിച്ച് പരിമിതമായ വിവരം മാത്രമാണ് ഇതു വരെ ലോകത്തിന് ലഭ്യമായിട്ടുള്ളത്. റി സോളിന്റെ പ്രായത്തെ സംബന്ധിച്ചോ മാതാപിതാക്കളെ സംബന്ധിച്ചോ കൃത്യമായ വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല. റി സോളിന് മുപ്പത്തിരണ്ടാണ് പ്രായമെന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉൻ കൊറിയയുടെ ഏകാധിപതിയായി സ്ഥാനമേറ്റ ശേഷം മാത്രമാണ് ഇവരുടെ വിവാഹവാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്നത്.
2009 ൽ ഇവരുടെ വിവാഹം കഴിഞ്ഞതായും 2010 ൽ ഇവർക്ക് ആദ്യകുട്ടിയുണ്ടായതായി റിപ്പോർട്ടുകളുണ്ട്. കിം ജോങ് ഉന്നിനും റി സോളിനും മൂന്ന് കുട്ടികളുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗികമായി കിമ്മിന്റെ കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മുമ്പ് രണ്ടു മൂന്ന് തവണ റി സോൾ ഇതു പോലെ അപ്രത്യക്ഷയായിരുന്നു. ഗർഭിണിയായിരുന്ന കാലങ്ങളിലാണ് റി സോളിനെ പൊതുവേദികളിൽ കാണാതാവുന്നതെന്നും കിമ്മിന് ഇതുവരെ ജനിച്ചത് പെൺകുട്ടികളാണെന്നും കിമ്മും കുടുംബവും ആൺകുട്ടിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും കഥകൾ പരന്നിരുന്നു.
റി സോളിന്റെ തിരോധാനം പ്രസവസംബന്ധമായാണെങ്കിൽ ഇത്തവണ ആൺകുട്ടിയായിരിക്കും ജനിച്ചത് എന്നാണ് കിം ആരാധകരുടെ വിശ്വാസം. വിശ്വാസം സത്യമാണെങ്കിൽ കീഴ് വഴക്കമനുസരിച്ച് ആ കുട്ടി ഉത്തര കൊറിയയുടെ അടുത്ത ഏകാധിപതിയായിരിക്കും. കുടുംബകാര്യങ്ങൾ പലപ്പോഴും രഹസ്യാമാക്കിയാണ് കിം കുംടുംബം സൂക്ഷിക്കുന്നത്. കിം ജോങ് ഇല്ലിന്റേയും വിവിധ ഭാര്യമാരെ കുറിച്ചുള്ള വിവരം ഇപ്പോഴും അജ്ഞാതമാണ്.
കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധചെലുത്താനും കൂടാതെ കോവിഡ് ഭീഷണിയും മൂലമാണ് റി സോൾ പൊതുരംഗത്ത് നിന്ന് അകന്നു നിൽക്കുന്നതെന്ന് ഉത്തര കൊറിയയുടെ രഹസ്യാന്വേഷണഏജൻസി അറിയിച്ചതായി ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധി കിം ബ്യോങ്-കീ അറിയിച്ചു. ഫൈസർ വാക്സിൻ നിർമാണരഹസ്യം ഉത്തരകൊറിയ ചോർത്തിയതായും രഹസ്യാന്വേഷണഏജൻസി അറിയിച്ചു. രാജ്യത്ത് ഇതു വരെ ഒറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. എന്നാൽ ഈ വാദത്തെ യുഎസും ജപ്പാനും പാടെ തള്ളിക്കളഞ്ഞു. കിം ജോങ് ഉന്നിന്റെ ദീർഘകാലത്തെ തിരോധാനവും അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Content Highligts: Kim Jong Un's Wife Ri Sol JuReappears After Unusual One Year Absence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..