സോള്‍: ദക്ഷിണ കൊറിയയ്‌ക്കെതിരായ നടപടിക്ക് സൈന്യം തയ്യാറാറെടുത്തു കഴിഞ്ഞതായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ശത്രുവിനെതിരായ നടപടിക്ക് സൈന്യത്തിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി അവര്‍ ശനിയാഴ്ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
'ചവറുകള്‍ ചവറ്റുകുട്ടയില്‍തന്നെ എറിയപ്പെടണം. പരമാധികാരിയായ കിം ജോങ് ഉന്‍ ചുമതലപ്പെടുത്തിയ പ്രകാരം സായുധ വിഭാഗം മേധാവിയോട് ശത്രുരാജ്യത്തിനെതിരായി സൈനിക നീക്കത്തിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കി.' അവര്‍ പറഞ്ഞു.
ദക്ഷിണ കൊറിയയ്‌ക്കെതിരെ വേണ്ടിവന്നാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അവര്‍ ഭീഷണി മുഴക്കിയിരുന്നു. അതിര്‍ത്തിയില്‍ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്ത് ഏതാനും ദിവസങ്ങളായി ദക്ഷിണ കൊറിയ ഭീഷണിയുയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് കിം യോ ജോങ്ങിന്റെ പ്രതികരണം.
കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോങ് എന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ഉപദേശക കൂടിയാണ് അവര്‍. കിം ജോങ് ഉന്നിനു ശേഷം അധികാരം ഇവരില്‍ കേന്ദ്രീകരിക്കുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.
കിം ജോങ് ഉന്‍ രോഗബാധിതനാണെന്നും മരിച്ചെന്നും അടക്കമുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ പരന്നിരുന്നു. എന്നാല്‍ ഉത്തര കൊറിയ ഇത് നിഷേധിച്ചു. രാജ്യത്തിന്റെ ഭരണപരമായ നിയന്ത്രണം കിം യോ ജോങ് കൈയ്യേല്‍ക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് പുതിയ നീക്കങ്ങള്‍.
Content Highlights: Kim Jong Un's Sister Says Army Ready for Action on South Korea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..