ലണ്ടൻ: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ശനിയാഴ്ച മരിച്ചുവെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിവരം കിട്ടിയതായി യുകെയിലെ ഡെയ്‌ലി എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങള്‍ പറയുന്നത് 36കാരനായ കിംജോങ് ഉന്‍ മരിച്ചെന്നാണെന്ന് ഹോങ്കോങ് മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു.ഇതനുസരിച്ചാണ് യുകെ ഡെയ്ലി എക്സ്പ്രസ് വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്. എന്നാല്‍ ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം അബോധാവസ്ഥയില്‍ തുടരുകയാണ് എന്നാണ് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തരകൊറിയയില്‍ നിന്ന് രോഗവുമായോ മരണവുമായോ ബന്ധപ്പെട്ട് യാതൊരു വിധ സ്ഥിരീകരണവും വരാത്തതിനാല്‍ അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ തന്നെ കിമ്മിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടരുകയാണ്.
ഹോങ്കോങ്ങ് ആസ്ഥാനമായ ചാനലിന്റെ ഡയറക്ടര്‍ കിംജോങ് ഉന്‍ മരിച്ചതായി വാര്‍ത്ത നല്‍കി കഴിഞ്ഞു. ചൈനീസ് വിദേശ കാര്യമന്ത്രിയുടെ ബന്ധുവാണ് ഇവരെന്നതു കൊണ്ട് തന്നെ വാര്‍ത്ത തള്ളിക്കളയാനാവില്ലെന്നാണ് ഡെയ്ലി എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്.
"വളരെ വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച വിവരം വെളിവാക്കുന്നത് കിം ജോങ് ഉന്‍ മരിച്ചുവെന്നാണ്", ഹോങ്കോങ് സാറ്റലൈറ്റ് ടെലിവിഷന്‍ എച്ച്‌കെഎസ്ടിവി വൈസ് ഡയറക്ടര്‍ ഷിജിയാന്‍ ഷിങ്‌സൂ അറിയിച്ചു.
ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിലേക്ക് ചൈനീസ് മെഡിക്കല്‍ ടീം യാത്രയായ വിവരം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകൾ വന്നിരുന്നു. എന്നാല്‍ കിമ്മിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതീവ സമ്മര്‍ദ്ദത്തിലും പിരിമുറുക്കത്തിലുമായ ഡോക്ടര്‍ കിമ്മിന്റെ ഹൃദയ ശസ്ത്രക്കിടെ ആര്‍ട്ടറിയില്‍ സ്‌റ്റെന്റ് ഇടുമ്പോള്‍ കൂടുതല്‍ സമയമെടുത്തെന്നും ഇത് കിമ്മിനെ അബോധാവസ്ഥയിലേക്ക് എത്തിച്ചെന്നും ചില കൊറിയന്‍ വാര്‍ത്താ മാധ്യമങ്ങളും ജപ്പാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കിമ്മിന്റെ ആരോഗ്യ നില പരിശോധിക്കാന്‍ പോയ ചൈനീസ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച് വിവരങ്ങള്‍ക്കനുസരിച്ചാണ് ഈ റിപ്പോര്‍ട്ട് എന്നായിരുന്നു ജപ്പാന്‍ റിപ്പോര്‍ട്ടര്‍ അവകാശപ്പെട്ടത്.
അതേ സമയം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ സഞ്ചരിക്കാറുള്ള പ്രത്യേക തീവണ്ടി ഈ ആഴ്ച രാജ്യത്തെ റിസോര്‍ട്ട് ടൗണായ വോണ്‍സാനില്‍ കണ്ടുവെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഉത്തരകൊറിയ നിരീക്ഷണ കേന്ദ്രമായ '38 നോര്‍ത്ത്' പറയുന്നു. അവലോകനം ചെയ്ത ഉപഗ്രഹചിത്രങ്ങളിലൂടെയാണ് തീവണ്ടിയുടെ സാന്നിധ്യം ഇവര്‍ കണ്ടെത്തിയത്. കിമ്മിന്റെ പ്രത്യേക തീവണ്ടി ഇവിടെ കണ്ടത് വീണ്ടും ഊഹാപോഹങ്ങൾക്കിടയാക്കിയിട്ടുണ്ട്.
കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളായി പുറത്തു വന്നത്.ഏപ്രില്‍ 21, ഏപ്രില്‍ 23 തീയതികളില്‍ വോണ്‍സാനിലെ 'ലീഡല്‍ഷിപ് സ്റ്റേഷനില്‍'(കിമ്മിനും കുടുംബത്തിനുമായുള്ള പ്രത്യേക സ്റ്റേഷന്‍) കിമ്മിന്റെ പ്രത്യേക തീവണ്ടി നിര്‍ത്തിയിട്ടിരുന്നെന്നും 38 നോർത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഉത്തരകൊറിയന്‍ നേതാവ് എവിടെയാണെന്നോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെന്താണെന്നോ തീവണ്ടിയുടെ സാന്നിധ്യം കൊണ്ട് മനസ്സിലാക്കാന്‍ കഴിയില്ല. പക്ഷേ കിം, രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ വരേണ്യ പ്രദേശത്തുണ്ട്', എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
content highlights: Kim Jong Un death Rumours continues, Hongkong media says he is dead
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..