സോള്‍: രാജ്യം ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന് ഔദ്യോഗികമായി അംഗീകരിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ജനങ്ങള്‍ക്കുള്ള ഭക്ഷണ ലഭ്യതയേക്കുറിച്ച് നിലവില്‍ ആശങ്കയുണ്ടെന്ന് മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ സംസാരിച്ച കിം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കാര്‍ഷിക മേഖലയിലെ ഉല്‍പാദന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നും കിം പറഞ്ഞു.

തലസ്ഥാനമായ പ്യോങ്യാങ്ങില്‍ ഈ ആഴ്ച ആരംഭിച്ച ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ കേന്ദ്ര സമിതി യോഗത്തിലാണ് രാജ്യത്തെ ഭക്ഷ്യസാഹചര്യത്തെക്കുറിച്ച് കിം വ്യക്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ദേശീയ വ്യാവസായിക ഉല്‍പാദനത്തില്‍ നാലിലൊന്ന് വര്‍ധനയുണ്ടായതായും യോഗത്തില്‍ കിം പറഞ്ഞു.

കോവിഡ് വ്യാപനം മുന്‍നിര്‍ത്തി നേരത്തെ, ഉത്തര കൊറിയ അതിര്‍ത്തികള്‍ അടച്ചിരുന്നു. ചൈനയുമായുള്ള വ്യാപാരം ഇതോടെ ഇടിഞ്ഞു. ഭക്ഷ്യ വസ്തുക്കള്‍, വളം, ഇന്ധനം എന്നിവയ്ക്കായി ഉത്തര കൊറിയ ചൈനയെയാണ് ആശ്രയിക്കുന്നത്. ഇതോടെ ഉത്തര കൊറിയയില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാജ്യത്ത് ഒരു കിലോഗ്രാം വാഴപ്പഴത്തിന് 45 ഡോളര്‍ വിലയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

രാജ്യം കടുത്ത ക്ഷാമത്തെ നേരിടുകയാണെന്ന് രണ്ട് മാസങ്ങള്‍ക്കു മുമ്പ് കിം സൂചന നല്‍കിയിരുന്നു. എല്ലാവരും ഒത്തൊരുമിച്ച് ക്ഷാമത്തെ നേരിടണമെന്ന് കിം പറഞ്ഞിരുന്നു. എന്നാല്‍, ക്ഷാമത്തെക്കുറിച്ച് ഉത്തര കൊറിയ ഔദ്യോഗിക വിശദീകരണം നല്‍കിയിരുന്നില്ല. അതിനിടെയാണ് കിമ്മിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നത്.

Content Highlights: Kim Jong-un admits North Korea facing a 'tense' food shortage