വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഭീകരവാദത്തില്‍ പാകിസ്താന്റെ പങ്കിനെ കുറിച്ച് പരാമര്‍ശിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. വ്യാഴാഴ്ച നടന്ന കമല-മോദി കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടത്. മോദിയും കമലയും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയായിരുന്നു ഇത്.

പാകിസ്താനില്‍ ഭീകരവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ യു.എസിനും ഇന്ത്യക്കും സുരക്ഷാഭീഷണി സൃഷ്ടിക്കാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ പാകിസ്താനോട് കമല ആവശ്യപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയില്‍ വന്നപ്പോള്‍, അതില്‍ പാകിസ്താന്റെ പങ്കിനെ കുറിച്ച് കമല സ്വമേധയാ പരാമര്‍ശിക്കുകയായിരുന്നു- വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷൃങ്‌ല പി.ടി.ഐയോടു പറഞ്ഞു. ഇന്ത്യയുടെയും യു.എസിന്റെയും സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഈ വിഷയത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ കമല പാകിസ്താനോടു ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തോട് കമല യോജിക്കുകയും ചെയ്തു. 

ത്രിദിന സന്ദർശനത്തിന് അമേരിക്കയിലെത്തിയ മോദി വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍സമയം മൂന്നരയോടെയാണ് എയര്‍ ഇന്ത്യ-വണ്‍ വിമാനത്തില്‍ മേരിലാൻഡിലെ ജോയന്റ് ബേസ് ആൻഡ്ര്യൂസ് വ്യോമതാവളത്തിൽ ഇറങ്ങിയത്. യു. എസ്. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ടി.എച്ച്. ബ്രയാന്‍ മക്കിയോണ്‍, ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിങ് സന്ധു തുടങ്ങിയവര്‍ ചേർന്ന് മോദിയെ സ്വീകരിച്ചു. 

ക്വാഡ് രാഷ്ട്രനേതാക്കളായ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവരുമായി വെവ്വേറെ ചര്‍ച്ചനടന്നു. ഇന്ത്യയിലെ അവസരങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അഞ്ച് വന്‍കിട കമ്പനികളുടെ സി. ഇ.ഒ.മാരുമായും സംവാദം നടന്നു.

വെള്ളിയാഴ്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ മോദിയെ വൈറ്റ്ഹൗസില്‍ സ്വീകരിക്കും. ക്വാഡ് രാഷ്ട്ര ഉച്ചകോടിയിലും മോദി പങ്കെടുക്കും.

content highlights: kamala harris tallks about pakistan's role in terrorism to pm modi