വാഷിങ്ടൺ: ഡെമോക്രാറ്റിക് വൈസ് പ്രസിഡൻഷ്യൽ സ്ഥാനാർഥി കമല ഹാരിസിനെ ദുർഗ ദേവിയായി ചിത്രീകരിച്ചു കൊണ്ടുളള ചിത്രം ട്വീറ്റ് ചെയ്ത കമലയുടെ അനന്തരവൾ മീന ഹാരിസിനോട് ക്ഷമാപണം നടത്താനാവശ്യപ്പെട്ട് യു.എസിലെ ഹിന്ദു സംഘടനകൾ. ചിത്രം വിവാദമായതിനെ തുടർന്ന് മീന ട്വീറ്റ് നീക്കം ചെയ്തു. അഭിഭാഷകയും കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവും ഫിലമെനൽ വുമൺ ആക്ഷൻ ക്യാമ്പെയിന്റെ സ്ഥാപകയുമാണ് മീന ഹാരിസ്.

ദുർഗയെ ഇത്തരത്തിൽ ചിത്രീകരിച്ചത് ലോകമെമ്പാടുമുളള ഹിന്ദുക്കളെ വേദനിപ്പിച്ചെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷ(എച്ച്.എ.എഫ്.)നിലെ സുഹാഗ് എ. ശുക്ല ട്വീറ്റ് ചെയ്തു. ഹിന്ദു അമേരിക്കൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന എച്ച്.എഫ്.എ. മതവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുന്നതിന് മാർഗനിർദേശങ്ങളും പുറത്തിയിക്കിട്ടുണ്ട്.

മീന ട്വീറ്റ് ചെയ്ത ചിത്രം അവർ സൃഷ്ടിച്ചതല്ലെന്നും അവർ ട്വീറ്റ് ചെയ്യുന്നതിന് വളരെ മുമ്പേ തന്നെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചിത്രം പ്രചരിച്ചിരുന്നുവെന്നും ഹിന്ദു അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി അംഗമായ ഋഷി ഭുട്ടാഡ പറഞ്ഞു. തങ്ങളല്ല ചിത്രം സൃഷ്ടിച്ചതെന്ന് ബൈഡൻ ക്യാമ്പെയ്ൻ സ്ഥിരീകരിച്ചതായും ഋഷി അറിയിച്ചു.

'ട്വീറ്റ് നീക്കം ചെയ്തെങ്കിലും ഇക്കാര്യത്തിൽ മീന ക്ഷമാപണം നടത്തണമെന്നാണ് ഞാൻ കരുതുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിനായി മതപരമായ ആരാധനാരൂപങ്ങൾ ഉപയോഗിക്കാൻ പാടുളളതല്ല.2018-ൽ ഫോർട്ട് ബെൻഡ് കൗണ്ടി ജി.ഒ.പി. ഒരു പരസ്യത്തിനായി ഇപ്രകാരം തയ്യാറാക്കിയപ്പോഴും ഇതേ കാര്യം പറഞ്ഞിരുന്നു.' ഋഷി പറയുന്നു.

മീന ട്വീറ്റ് നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ദുർഗ ദേവിയായി ചിത്രീകരിച്ചിരിക്കുന്ന കമല ഹാരിസ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനെ ദേവിയുടെ വാഹനമായ സിംഹമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

'ഹിന്ദുക്കളെ പരിഹസിച്ചുകൊണ്ട് വോട്ട് നേടാമെന്നാണ് കരുതുന്നതെങ്കിൽ നിങ്ങൾ ഒരിക്കൽ കൂടി ചിന്തിക്കണം. ഈ ചിത്രം അങ്ങേയറ്റം കുറ്റകരവും ഹിന്ദുക്കളെ അപമാനിക്കുന്നതുമാണ്. പരിഹസിക്കാനും നിസ്സാരവൽക്കരിക്കാനുമുളളതല്ല ഞങ്ങളുടെ ദിവ്യത്വം. തന്നെയുമല്ല മാപ്പുപോലും ചോദിക്കാതെ നിങ്ങളത് നീക്കം ചെയ്യുകയും ചെയ്തു? പ്രശസ്ത എഴുത്തുകാരി ഷെഫാലി വൈദ്യ അഭിപ്രായപ്പെട്ടു.

നവരാത്രി ആരംഭിക്കുന്ന ദിവസം യു.എസിലെ ഹിന്ദു സമൂഹത്തെ ജോ ബൈഡനും അഭിവാദ്യം ചെയ്തിരുന്നു. തിന്മക്കെതിരായ നന്മയുടെ വിജയത്തിനായി അവർ ആശംസകളും നേർന്നിരുന്നു.

Content Highlights:Kamala Harris as Goddess; Durga Hindu groups seek apology from Meena Harris