വാഷിങ്ടണ്‍: താനായിരുന്നു ഇപ്പോഴും യുഎസ് പ്രസിഡന്റ് എങ്കില്‍ കാബൂളിലെ ഇരട്ടസ്‌ഫോടനം സംഭവിക്കില്ലായിരുന്നുവെന്ന് ഡോണാള്‍ഡ് ട്രംപ്. വാഷിങ്ടണ്ണില്‍ പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന. 

ഈ ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാനായിരുന്നു നിങ്ങളുടെ പ്രസിഡന്റ് എങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. അഫ്ഗാനില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരരായ യുഎസ് സൈനികരുടെ നഷ്ടത്തില്‍ അമേരിക്ക ദുഃഖം രേഖപ്പെടുത്തുന്നു. അവര്‍ സ്‌നേഹിച്ച, സ്വന്തം രാജ്യത്തിന് വേണ്ടിയാണ് സൈനികര്‍ അവരുടെ ജീവന്‍ ത്യജിച്ചത്. നമ്മുടെ രാഷ്ട്രം അവരുടെ ഓര്‍മകളെ എന്നും ആദരിക്കും. ട്രംപ് പറഞ്ഞു. 

കഴിഞ്ഞദിവസം അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ 13 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. 95 പേര്‍ മരിച്ചതായാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍. താലിബാനികളടക്കം 140ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Kabul attacks would not have happened if I were your President, says Donald Trump