ഓട്ടാവോ: കാനഡയിൽ മൂന്നാം തവണയും ജസ്റ്റിൻ ട്രൂഡോ അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷമില്ലെങ്കിലും ട്രൂഡോയുടെ ലിബറൽ പാർട്ടി അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചു. ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാത്തത് കൊണ്ട് തന്നെ ട്രൂഡോയുടെ ലിബറൽ പാർട്ടിയ്ക്ക് അധികാരത്തിലെത്താൻ മറ്റു പാർട്ടികളുടെ സഹായം തേടേണ്ടി വരും.

338 അംഗ പാർലമെന്റിൽ 170 സീറ്റുകളായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എന്നാൽ 158 സീറ്റുകളിലാണ് ലിബറൽ പാർട്ടി മുന്നേറ്റം നടത്തിയതെന്നാണ് വിവരം. എന്നാൽ ഇപ്പോഴും വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ട്. കൺസർവേറ്റീവ് പാർട്ടിയാണ് ലിബറൽ പാർട്ടിയുടെ പ്രധാന എതിരാളികൾ.

'നന്ദി കാനഡ - നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതിന്, ലിബറൽ പാർട്ടിയോടുള്ള വിശ്വാസത്തിന്, നല്ലൊരു ഭാവിക്ക്. കോവിഡുമായുള്ള പോരാട്ടം അവസാനിപ്പിക്കാൻ പോവുകയാണ്. എല്ലാവർക്കും വേണ്ടിയിട്ട് കാനഡയെ മുന്നോട്ട് നയിക്കാൻ പോവുകയാണ്.' ട്രൂഡോ ട്വീറ്റ് ചെയ്തു.

കോവിഡ് പ്രതിസന്ധിയോടെ മുഖം മങ്ങിയ ട്രൂഡോ പാർലമെന്റ് തിരഞ്ഞെടുപ്പ് നേരത്തെയാക്കുകയായിരുന്നു. എന്നാൽ കോവിഡിനിടെയുള്ള തിരഞ്ഞെടുപ്പ് പല കോണിൽ നിന്നും വൻ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കാലാവധി തീരാൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയായിരുന്നു ട്രൂഡോ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത് ഗുണം ചെയ്തില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Content Highlights: Justin Trudeau Wins 3rd Term, Fails To Get Majority