ന്യൂയോര്‍ക്ക് : രാജകുടുംബത്തില്‍ നിന്നനുഭവിക്കേണ്ടി വന്ന വിവേചനവും അവഗണനയും തന്റെ മാനസികാരോഗ്യത്തെ ക്ഷയിപ്പിക്കുകയും ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തിക്കുകയും ചെയ്തതായി മേഗന്‍ മാർക്കലിന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ടെലിവിഷന്‍ അവതാരക ഓപ്ര വിന്‍ഫ്രിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മേഗന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. 

രാജകുടുംബം പുലര്‍ത്തുന്ന വര്‍ണവിവേചനത്തെ കുറിച്ചും അതു മൂലം താനനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷത്തെ കുറിച്ചും അവര്‍ സൂചിപ്പിച്ചു. പിറക്കാനിരുന്ന തന്റെയും ഹാരി രാജകുമാരന്റെയും കുഞ്ഞിന്റെ നിറത്തെ കുറിച്ചുള്ള ആശങ്കാകുലമായ ചര്‍ച്ചകള്‍ രാജകുടുംബത്തിലുണ്ടായിരുന്നതായും മേഗന്‍ പറഞ്ഞു. മേഗന്റെ പിതാവ് വെളുത്തവര്‍ഗക്കാരനും മാതാവ് കറുത്ത വംശജയുമായതിനാലാണ് ഇത്തരമൊരു ആശങ്ക രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നതിന് പിന്നില്‍. 2019 മേയിലാണ് മേഗന്‍ മകന്‍ ആര്‍ച്ചിയ്ക്ക് ജന്മം നല്‍കിയത്. 

ജനനത്തിന് മുമ്പ് തന്നെ കുഞ്ഞിന്റെ നിറത്തിന്റെ പേരില്‍ അവന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന കാര്യങ്ങള്‍ ഹാരി തന്നെയാണ് തന്നോട് പങ്കു വെച്ചതെന്നും മേഗന്‍ വെളിപ്പെടുത്തി. 2020 ആദ്യം ഹാരിയും മേഗനും രാജകീയ പദവികള്‍ ഉപേക്ഷിച്ച് മകന്‍ ആര്‍ച്ചിക്കൊപ്പം വടക്കെ അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. പിന്നീട് സാമൂഹികമാധ്യമങ്ങള്‍ ഉപേക്ഷിച്ച മേഗന്‍ ആത്മസുരക്ഷക്കായാണ് അവ ഉപേക്ഷിക്കുന്നതെന്നറിയിച്ചിരുന്നു. രാജകുടുംബത്തില്‍ നിന്നുള്ള ഹാരിയുടേയും മേഗന്റേയും അകല്‍ച്ചയെ ചൊല്ലിയുള്ള കുറ്റപ്പെടുത്തലുകളും മേഗന്‍ നേരിട്ടിരുന്നു. 

തന്റെ മാനസിക സംഘര്‍ഷം കുറയ്ക്കാൻ കൊട്ടാരത്തോട് മെഡിക്കൽ സഹായം ആവശ്യപ്പെട്ടപ്പോൾ തനിക്കത് നിഷേധിക്കപ്പെട്ടുവെന്നും പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള വ്യക്തിപരമായ സംഗതികള്‍ പോലും അപ്രാപ്യമായിത്തീര്‍ന്നതായും മേഗന്‍ സൂചിപ്പിച്ചു. വീണ്ടും ഗര്‍ഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന്ന കാര്യവും അഭിമുഖത്തില്‍ ഹാരിയും മേഗനും വെളിപ്പെടുത്തി. വിവാഹത്തില്‍ നിന്ന് ഹാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നതായി മേഗന്‍ നേരത്തെ റോയല്‍സ് അറ്റ് വാര്‍ എന്ന പുസ്തകത്തിലൂടെ മേഗന്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 

Content Highlights: Just Didn't Want To Be Alive Anymore Meghan Markle On Life As Royal